രണ്ട് ലക്ഷം രൂപ രണ്ട് മുതലാളിമാര്‍ക്ക് (രഞ്ജിനി, സാബു) നല്കി ബിഗ് ബോസ് ഒരു ജോലി ഏല്‍പ്പിച്ചു. ഈ പണത്തില്‍ നിന്ന് മറ്റ് മത്സരാര്‍ത്ഥികളെ തൊഴിലാളികളായി കണക്കാക്കി പണം വിതരണം ചെയ്യണം. നിശ്ചിത സമയത്തിനുളളില്‍ സ്റ്റോര്‍ റൂമില്‍ നിന്ന് കൈ ചെയിന്‍ നിര്‍മ്മിക്കാനാവശ്യമായ വസ്തുക്കള്‍ ശേഖരിക്കാനാണ് മത്സരാര്‍ത്ഥികളോട് ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്. മത്സരാര്‍ത്ഥികള്‍ ലഭിച്ച വസ്തുക്കള്‍ മുതലാളിമാരായ രഞ്ജിനി അല്ലെങ്കില്‍ സാബുവിന് വിലപേശി വില്‍ക്കാം. ഇതിനിടെ ഹിമ കായികമായി നേരിട്ടെന്ന് ശ്വേത മേനോന് ആരോപിച്ചു. തന്റെ കൈയ്യില്‍ ഹിമ മാന്തിയെന്ന് ശ്വേത പറഞ്ഞു. തുടര്‍ന്ന് ഹിമയും അര്‍ച്ചനയും തമ്മില്‍ പോര്‍വിളി നടത്തി.
അതേസമയം മറ്റുളളവരുടെ കൈയ്യില്‍ നിന്ന് ഹിമ സാധനങ്ങള്‍ തട്ടിപ്പറിച്ചെന്ന് ദീപന് കുറ്റപ്പെടുത്തി. സാബുവിന്റെ തൊഴിലാളിയാണ് ഹിമ. തന്നേയും ഹിമ ശാരീരികമായി നേരിട്ടെന്ന് ശ്രീലക്ഷ്മി പറഞ്ഞു. എന്നാല്‍ എല്ലാവരോടും ഇത് പറഞ്ഞ് വിഷയമാക്കരുതെന്ന് പേളി മാണി ഉപദേശിച്ചു. കൈചെയിന്‍ നിര്‍മ്മിക്കാന്‍ അസംസ്കൃത വസ്തുക്കള്‍ വേണമെന്ന് സാബു രഞ്ജിനിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് സാബുവിന് രഞ്ജിനി സാധനങ്ങള്‍ വിറ്റു. ഇതിനിടെ ബിഗ് ബോസ് നല്കിയ പണത്തില്‍ തിരിമറി നടത്തിയെന്ന് ആരോപിച്ച് അനൂപ് ചന്ദ്രന് സാബുവിനോട് വഴക്കിട്ടു.
മറ്റുളളവര്‍ക്ക് വേണ്ടി ഹിമയോട് താന്‍ വഴക്കിട്ടപ്പോള്‍ അവരൊക്കെ എവിടെ പോയെന്ന് അര്‍ച്ചന ദിയയോട് ചോദിച്ചു. ഒരു പട്ടിക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്നവര്‍ ആ സമയം എവിടെ പോയെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് കിട്ടിയ വസ്തുക്കള്‍ പണത്തിന് വേണ്ടി മത്സരാര്‍ത്ഥികള്‍ സാബുവിനും രഞ്ജിനിക്കും വിറ്റിട്ടുണ്ട്. എന്നാല്‍ ഇതില്‍ സാബു അഴിമതി നടത്തിയെന്നായിരുന്നു അനൂപിന്റെ ആരോപണം. സാബു പണം മോഷ്ടിച്ചോ എന്ന് അര്‍ച്ചന ചോദിച്ചു. എന്നാല്‍ പണം സ്വരൂപിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും മോഷ്ടിച്ചിട്ടില്ലെന്നും സാബു പറഞ്ഞു.
വൈകിട്ടോടെ 24 കൈചെയിനുകളാണ് സാബുവിന്റെ കീഴിലുളള സംഘം നിര്‍മ്മിച്ചത്. രണ്ട് മുതലാളിമാരോടും കുറച്ച് മാത്രം ശമ്പളം മേടിച്ച് ജോലി ചെയ്യാം എന്ന് അരിസ്റ്റോ സുരേഷ് മത്സരാര്‍ത്ഥികളോട് പറഞ്ഞു. എന്നാല്‍ ഇത് വ്യക്തിഗത മല്‍സരം ആണെന്നും അവസാനം കൂടുതല്‍ പണം ഉളളവരാണ് വിജയി എന്നും ബിഗ് ബോസ് അറിയിച്ചു.