കൊച്ചി: മലയാള ചലചിത്രരംഗത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നടിക്ക് പിന്തുണയുമായി എത്തിയ ബിജെപി നേതാവും എംപിയുമായി വി മുരളീധരന് സംഘപരിവാര്‍ പ്രവര്‍ത്തക ലസിതാ പാലക്കലിന്റെ മറുപടി. ഞാന്‍ ഒരു സിനിമാ നടി അല്ല വെറും ഒരു സ്ത്രീയായതുകൊണ്ടാവാം ഇടപെടാത്തതെന്ന് ലസിത ഫെയ്സ്ബുക്കില്‍ കുറിച്ചു.
അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗ് പോസ്റ്റ് ചെയ്ത മുരളീധരന് സംഘികളുടെ വകയാണ് സൈബര്‍ പൊങ്കാല.ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയില്‍ നിന്നും രാജി പ്രഖ്യാപിച്ച മൂന്നു നടിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ട പോസ്റ്റാണ് വി മുരളീധരന് വിനയായത്.
കണ്ണൂരിലെ യുവമോര്‍ച്ച നേതാവും സൈബര്‍ പോരാളിയുമായിരുന്ന ലസിത പാലയ്ക്കലിനെതിരെ പാര്‍ട്ടി നടപടി എടുത്തതിനു പിന്നാലെ തരികിട സാബുവും രംഗത്തെത്തിയിരുന്നു. സ്ത്രീത്വത്തെ അവഹേളിക്കുന്ന രീതിയില്‍ അന്ന് ലസിതയ്ക്കെതിരെ പോസ്റ്റിട്ടെങ്കിലും അവരെ പരസ്യമായി പിന്തുണയ്ക്കാന്‍ വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ തയ്യാറായിരുന്നില്ല. താന്‍ സമൂഹികമായ വിഷയങ്ങളില്‍ മാത്രമേ സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തൂവെന്ന നിലപാടാണ് മുരളീധരന്റെ സ്വീകരിച്ചത്. ഇതാണ് സംഘികളുടെ കുരുപൊട്ടാന്‍ ഇടയാക്കിയത്.
രണ്ടു മണിക്കൂര്‍ കൊണ്ട് ആയിരത്തി അഞ്ഞൂറിലധികം കമന്റുകളാണ് മുരളിയുടെ പോസ്റ്റിനു താഴെ നിരക്കുന്നത്. കമന്റിടുന്നവരെല്ലാം മുരളീധരന്റെ നിലപാടിനെ നിശിതമായി വിമര്‍ശിച്ചിട്ടുമുണ്ട്. ദേശീയനേതാവും എം.പിയുമൊക്കെ ആയിട്ടും ഒരാള്‍ പോലും മുരളീധരനെ പിന്തുണച്ച് രംഗത്തെത്തിയില്ലെന്നതും ശ്രദ്ധേയം.