കൊച്ചി:ഇനി ചെറിയ കളികളില്ല വലിയ കാര്യങ്ങള്‍ മാത്രം’ എന്ന ടാഗ്ലൈനോടെയാണ് മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ‘ബിഗ് ബോസ്’ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തിയിരിക്കുന്നത്. ആ ടാഗ് ലൈനിനോട് എല്ലാവിധത്തിലും യോജിക്കുന്ന തരത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ അവതാരകനായി എത്തുന്ന ബിഗ് ബോസിന്റെ ബജറ്റ് 44 കോടി രൂപയാണെന്നാണ് അറിയുന്നത്. ഷോയുടെ ചിലവുകളെക്കുറിച്ച് അറിയാന്‍ കഴിഞ്ഞ കണക്കുകള്‍ ഇങ്ങനെയാണ്.
നൂറു ദിവസം നടക്കാന്‍ പോകുന്ന ഈ പരിപാടിയില്‍ മോഹന്‍ലാല്‍ പ്രതിഫലമായി കൈപ്പറ്റുന്നത് 12 കോടി രൂപയാണ്. 10 മുതല്‍ 12 ലക്ഷം രൂപയാണ് പരിപാടിയില്‍ പങ്കെടുക്കുന്ന 16 സെലിബ്രിറ്റി മത്സരാര്‍ത്ഥികളുടെ പ്രതിഫലം. മത്സരാര്‍ത്ഥികള്‍ എല്ലാവര്‍ക്കും ഒരേ പ്രതിഫലം അല്ല എന്നും അറിയാന്‍ കഴിഞ്ഞു.
പരിപാടിയുടെ ബജറ്റിലെ ഏറ്റവും പ്രധാനപെട്ട ഒന്ന് ‘ബിഗ് ബോസി’ന്റെ സെറ്റ് ആണ്. ആകെ ബജറ്റ് എന്നറിയുന്ന 44 കോടി രൂപയില്‍ ഏഴു മുതല്‍ എട്ടു കോടിയോളം രൂപ സെറ്റിന് മാത്രമായി വരും എന്നാണ് അനുമാനിക്കാന്‍ കഴിയുന്നത്. ആധുനിക സജ്ജീകരണങ്ങളും 60 റോബോട്ടിക് ക്യാമറകളുമാണ് ബിഗ് ബോസ് ഹൗസില്‍ ഒരുക്കിയിരിക്കുന്നത്. കിടപ്പുമുറികള്‍ മ്യൂറല്‍ പെയിന്റിങ്ങുകളാല്‍ അലങ്കരിച്ചിരിക്കുന്നു. കൊച്ചിയിലായിരുന്നു ആദ്യം ബിഗ് ബോസ് ഹൗസ് പണിയാന്‍ പദ്ധതി. എന്നാല്‍ സ്ഥലപരിമിതി ഉള്‍പ്പെടെയുള്ള തടസം മൂലം മുംബൈയിലെ ഫിലിം സിറ്റിയിലേക്ക് പറിച്ചു നടുകയായിരുന്നു.