മുംബൈ: നിറത്തെ ചൊല്ലി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരിഹാസത്തില്‍ മനംനൊന്ത യുവതി കുടുംബസത്കാരത്തിനിടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി. സംഭവത്തില്‍ അഞ്ചു പേര് മരിച്ചു. 120 ആളുകള്‍ ചികിത്സയിലാണ്. നാല് കുട്ടികളും 54 കാരനുമാണ് മരിച്ചത്.
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണു സംഭവം. പ്രാന്ധ്യ എന്നുവിളിക്കുന്ന ജ്യോതി സുരേഷ് സര്‍വാസെ ആണ് അറസ്റ്റിലായത്.ഒരു ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ചു സംഘടിപ്പിച്ച സല്ക്കാരത്തിനുള്ള ഭക്ഷണത്തിലാണ് 28കാരിയായ യുവതി വിഷം കലര്‍ത്തിയത്.
രണ്ടുവര്‍ഷം മുമ്പു വിവാഹിതയായ പ്രാന്ധ്യയെ വീട്ടുകാരും ബന്ധുക്കളും അവഹേളിക്കുന്നതു തുടര്‍ന്നതോടെയാണ് പ്രതികാരം മൂത്ത് അവരെയെല്ലാം വിഷംനല്‍കി കൊല്ലാന്‍ തീരുമാനിച്ചത്.ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം കടുത്ത വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഒരേ സ്ഥലത്തുനിന്നും കഴിച്ചവരിലാണു പ്രശ്നം കണ്ടതെന്നതിനാല്‍ ഭക്ഷണം വിദഗ്ധ പരിശോധനക്ക് അയച്ചു. ഫോറന്‍സിക് ലബോറട്ടറി നടത്തിയ പരിശോധനയില്‍ ഭക്ഷണത്തില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന ചടങ്ങിനെത്തിയവരെ പൊലിസ് ചോദ്യം ചെയ്തു. ഇതോടെയാണ് യുവതി പിടിയിലാവുന്നത്. പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയതിനെത്തുടര്‍ന്ന് യുവതിയെ കൂടുതല്‍ ചോദ്യംചെയ്യലിനു വിധേയമാക്കിയപ്പോഴാണ് ഇവര്‍ കുറ്റം സമ്മതിച്ചതെന്ന് പൊലിസ് പറഞ്ഞു.
കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രാന്ധ്യയെ ശനിയാഴ്ച്ച കോടതിയില്‍ ഹാജരാക്കും.