പൊലീസ് സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ ഇതു വെള്ളരിക്കാപ്പട്ടണമോ?,വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എവി ജോര്‍ജിനെതിരെ ഹൈക്കോടതി

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെതിരെ ഹൈക്കോടതി. റൂറല്‍ എസ്പി രൂപീകരിച്ച ആര്‍ടിഎഫ് എസ്പിയുടെ നിര്‍ദേശമില്ലാതെ പ്രവര്‍ത്തിക്കുമോയെന്ന് ഹൈക്കോടതി ചോദിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.

റൂറല്‍ എസ്പി ആര്‍ടിഎഫ് രൂപീകരിച്ചത് നിയമ വിരുദ്ധമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. ആര്‍ടിഎഫ് രൂപീകരിച്ച എസ്പി അറിയാതെയാണ് ആര്‍ടിഎഫ് അംഗങ്ങള്‍ പ്രവര്‍ത്തിച്ചത് എന്നു കരുതാനാവുമോ? അങ്ങനെ പ്രവര്‍ത്തിക്കാന്‍ ഇതെന്താ വെള്ളക്കരിക്കാപ്പട്ടണമോയെന്ന് കോടതി ചോദിച്ചു. ശ്രീജിത്തിനെ പിടികൂടാന്‍ എന്തു തെളിവാണ് ആര്‍ടിഎഫുകാരുടെ കൈവശം ഉണ്ടായിരുന്നത്? സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അറിയാതെ എങ്ങനെയാണ് ആര്‍ടിഎഫ് ഒരാളെ കസ്റ്റഡിയിലെടുത്തതെന്ന് കോടതി ആരാഞ്ഞു.

ആര്‍ടിഎഫ് രൂപീകരണം നിയമ വിരുദ്ധമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ സമ്മതിച്ചു. എന്നാല്‍ എസ്പി ആര്‍ടിഎഫിനെ വിട്ടത് നല്ല ഉദ്ദേശ്യത്തോടെയാണ്. ആരെയും അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയില്‍ എടുക്കാനോ എസ്പി നിര്‍ദേശം നല്‍കിയിട്ടില്ല. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് വാസുദേവന്റെ സഹോദരന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

കേസില്‍ റൂറല്‍ എസ്പിയെ പ്രതി ചേര്‍ക്കാന്‍ തെളിവിന്റെ കണിക പോലുമില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. എസ്പിയെ സംരക്ഷിക്കേണ്ട കാര്യം സര്‍ക്കാരിനില്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോവുന്നത്. സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ല. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നല്ല രീതിയില്‍ മുന്നോട്ടുപോവുന്നുണ്ട്. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7