പോലീസിലെ അടിമപ്പണി, പരാതി വ്യാജമെങ്കില്‍ എഡിജിപിയുടെ മകള്‍ക്കെതിരേ ക്രിമിനല്‍ നടപടിയെന്നു ഡിജിപി

തിരുവനന്തപുരം: പോലീസിലെ അടിമപ്പണിയില്‍ കര്‍ശനനടപടിയെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ. ക്യാന്പ് ഫോളോവേഴ്‌സിനെ ക്യാന്പ് ഓഫീസില്‍ ജോലിക്കു നിര്‍ത്തുന്നതിന് അനുവാദമുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലിക്കു നിര്‍ത്താന്‍ പാടില്ലെന്നും ഡിജിപി വ്യക്തമാക്കി. മറിച്ച് സംഭവിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോലീസ് ഡ്രൈവര്‍ക്കെതിരായ എഡിജിപിയുടെ മകളുടെ പരാതി വ്യാജമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു. എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ മര്‍ദിച്ചെന്നാണു പോലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് സ്‌നിഗ്ധയും പരാതി നല്‍കി. ഇതേതുടര്‍ന്ന് ഗവാസ്‌കര്‍ക്കെതിരേയും കേസെടുത്തു. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ ജാമ്യമില്ലാ കുറ്റങ്ങളാണ് ഗവാസ്‌കര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

ക്യാന്പ് ഫോളോവേഴ്‌സിനെ വീട്ടിലെ പണിക്ക് ഉപയോഗിച്ചെന്ന ആരോപണ നിഴലില്‍നില്‍ക്കുന്ന പേരൂര്‍ക്കട എസ്എപി ഡെപ്യൂട്ടി കമന്‍ഡാന്റ് പി.വി രാജുവിനെതിരേ നടപടി സ്വീകരിക്കണമെന്നും ഡിജിപി ആഭ്യന്തര സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വീട്ടില്‍ ടൈല്‍സ് പതിപ്പിക്കാന്‍ പോലീസുകാരെ നിയോഗിച്ചതായാണ് രാജുവിനെതിരേ ആരോപണം ഉയര്‍ന്നത്. ഇയാളെ സ്ഥലം മാറ്റണമെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7