തൃശൂര്‍: തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ ഉറപ്പിന് മേല്‍ എറിക്കാട് തീരവാസികളുടെ ദേശീയ പാത ഉപരോധം അവസാനിപ്പിച്ചു. 150 മീറ്റര്‍ ദൂരം കടല്‍ഭിത്തി നിര്‍മ്മിക്കണമെന്ന ആവശ്യവുമായി പല നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും ചെറു സമരങ്ങള്‍ സംഘടിപ്പിച്ചിട്ടും ഫലം കാണാത്തത്തിനെ തുടര്‍ന്നാണ് സമരക്കാര്‍ ദേശീയ പാത ഉപരോധവുമായി മുന്നോട്ട് വന്നത്.
രാവിലെ പത്തു മണിയോടെ ആരംഭിച്ച സമരം തഹസില്‍ദാര്‍ന്മാരും മറ്റു പല നേതാക്കളും ഇടപ്പെട്ട് അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരക്കാരുടെ ആവശ്യപ്രകാരം തൃശൂര്‍ ജില്ലാ കളക്ടര്‍ അനുപമ സ്ഥലത്തെത്തിയത്.
സമരക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതായും പ്രശ്‌ന പരിഹാരം ഉടന്‍ കണ്ടെത്തുമെന്നും അനുപമ ഉറപ്പു നല്‍കി.എന്നാല്‍ പ്രതിഷേധക്കാരില്‍ ചിലര്‍ അനുപമയോട് തീരദേശം സന്ദര്‍ശിക്കണമെന്നും തങ്ങളുടെ അവസ്ഥ നേരിട്ട് കണ്ട് മനസിലാക്കണമെന്നും ആവശ്യപ്പെട്ടു.
ഈ ആവശ്യം അംഗീകരിച്ച അനുപമ തീരദേശം സന്ദര്‍ശിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും മനസ് കാണിച്ചു. ഇതോടെ സമരക്കാരുടെ ഇടയില്‍ അനുപമ താരമായി. നിര്‍മ്മാണത്തിനുളള കല്ലുകള്‍ ലഭ്യമായാല്‍ ഉടന്‍ തന്നെ കടല്‍ ഭിത്തി നിര്‍മ്മാണം തുടങ്ങുമെന്ന് ജനങ്ങള്‍ക്ക് അനുപമ ഉറപ്പു നല്‍കി. കടല്‍ ഭിത്തി നിര്‍മ്മാണം സംബന്ധിച്ചുളള നടപടികളുടെ പുരോഗതി മനസിലാക്കുവാനായി രണ്ടു പേര്‍ കളക്ടറേറ്റില്‍ എത്തണമെന്നും അനുപമ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു