കോട്ടയം: കെവിന് കൊലപാതക കേസിലെ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. പ്രതികള്‍ ഉപയോഗിച്ച നാല് വാളുകളാണ് കണ്ടെടുത്തത്. പ്രതി വിഷ്ണുവിന്റെ വീട്ടിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. പ്രതികളായ റിയാസ്, നിയാസ്, വിഷ്ണു, ഫസല്‍ എന്നിവരുമായി നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.
അതേസമയം, മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതികള്‍. രക്ഷപ്പെട്ട് ഓടുന്നതിനിടെ കെവിന് തോട്ടില്‍ വീഴുകയായിരുന്നുവെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയേക്കര തോട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് പ്രതികള്‍ ഇക്കാര്യം ആവര്‍ത്തിച്ചത്.
എന്നാല്‍ കെവിന്റേത് കൊലപാതകം തന്നെയാണെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് ഐജി വിജയ് സാക്കറെ പറഞ്ഞു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കുക എന്നതാണ് പൊലീസിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
കെവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൂടുതലും അസ്വാഭാവിക മരണത്തിനുള്ള സാധ്യതകളാണ് ചൂണ്ടിക്കാട്ടുന്നത്. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചിരിക്കുന്നത്. അബോധാവസ്ഥയില്‍ കെവിനെ പുഴയില്‍ തള്ളിയതാകാനും സാധ്യതയുണ്ട്. ഇതിന് പുറമെ മുറിവുകളുടെ സ്വഭാവത്തിലും സംശയമുണ്ട്. അതിനാല്‍ പൊലീസ് മെഡിക്കല്‍ ബോര്‍ഡിന്റെ സഹായം തേടും.