കൊച്ചി: പാര്‍ട്ടി പറഞ്ഞാല്‍ രാജ്യസഭാ സീറ്റിലേക്കുള്ള മത്സരത്തില്‍ നിന്ന് മാറിനില്‍ക്കാമെന്ന് പി.ജെ.കുര്യന്‍. യുവാക്കളുടെ അവസരത്തിന് തടസമല്ല. അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റേത് വലിയ തോല്‍വിയാണ്. ഇതിന്റെ കാരണം പാര്‍ട്ടി പരിശോധിക്കണമെന്നും കുര്യന്‍ പറഞ്ഞു.
രാജ്യസഭാ സീറ്റിലേക്ക് പി.ജെ.കുര്യന്‍ ഇനി മത്സരിക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ യുവനിര രംഗത്തെത്തിയ സാഹചര്യത്തിലാണ് കുര്യന്റെ പ്രതികരണം. ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ പുതുമുഖങ്ങളെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി വി.ടി. ബല്‍റാമിനും ഷാഫി പറമ്പിലിനും പുറമേ ഹൈബി ഈഡനും റോജി എം.ജോണും അനില്‍ അക്കരയും കെ. സുധാകരനും രംഗത്തെത്തി.
രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. മരണം വരെ പാര്‍ലമെന്റിലോ അസംബ്ലിയിലോ ഉണ്ടാകണമെന്നു നേര്‍ച്ചയുള്ള ചില നേതാക്കള്‍ കോണ്‍ഗ്രസിന്റെ ശാപമാണെന്നു റോജി എം. ജോണ്‍ പറഞ്ഞു. ഷാനിമോള്‍ ഉസ്മാന്‍, മാത്യു കുഴല്‍നാടന്‍, ടി.സിദ്ദിഖ്, എം.ലിജു, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരിലൊരാളെ പരിഗണിക്കണമെന്നായിരുന്നു ബല്‍റാമിന്റെ ആവശ്യം.