പരാജയപ്പെട്ട സിനിമകളുടെ കാര്യം പറയുമ്പോള്‍ പല സംവിധാകര്‍ക്കും മൗനമാകും ഉത്തരം. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ് റോഷന് ആഡ്രൂസ്. കാസനോവ നല്ല രീതിയില്‍ പൊട്ടിയ സിനിമയാണെന്നും അത് തിയേറ്ററില്‍ പോയി പൈസ കൊടുത്ത് കണ്ടവരോട് ക്ഷമ പറയുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ തുറന്നുപറയുകയുണ്ടായി.
‘തോല്‍വികള്‍ സംഭവിക്കുമ്പോള്‍ ചിലര്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാറുണ്ട്. അതുപോലെയാണ് കാസനോവ സിനിമയുടെ തോല്‍വി റോഷന് ആന്‍ഡ്രൂസും തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ്യും ഏറ്റെടുത്തത്. സിനിമ മോശമായെങ്കില്‍ നൂറുശതമാനം പ്രശ്നം സംവിധായകനും തിരക്കഥാകൃത്തിനുമാണ്. ഞങ്ങള്‍ ഒരുമിച്ച് തന്നെയാണ് പരാജയം ഏറ്റെടുത്തത്. പല അഭിമുഖങ്ങളിലും അത് ഏറ്റ് പറഞ്ഞിട്ടുമുണ്ട്.’
‘ഈ തോല്‍വി പിന്നീട് മുംബൈ പൊലീസും ഹൗ ഓള്‍ഡ് ആര്‍യു എന്നീ ചിത്രങ്ങളിലൂടെ തിരുത്തിയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതേ തോല്‍വി തുടരുകയായിരുന്നെങ്കില്‍ മറുപടി ഇല്ലായിരുന്നു.’
‘കാസനോവ സിനിമ മാന്യമായ രീതിയില്‍ പൊട്ടിയ സിനിമയാണ്. സിനിമയുടെ നിര്‍മാതാവ് അത്രയും ‘കോണ്‍ഫിഡന്റ്’ ആയതുകൊണ്ടും അവര്‍ക്ക് അത്രയും സാമ്പത്തികഭദ്രത ഉളളതുംകൊണ്ടും പ്രശ്നമൊന്നും പറ്റിയില്ല. അദ്ദേഹമൊക്കെ വര്‍ഷം പത്തുപതിനഞ്ച് കോടിയുടെ പരസ്യം ചെയ്യുന്ന ആളാണ്. അതിന്റെ ചെറിയൊരു അംശമേ നഷ്ടപ്പെട്ടുള്ളൂ.’
‘എന്നാല്‍ സിനിമ കാണാന്‍ തിയേറ്ററില്‍ പൈസ കൊടുത്ത് കയറിയ ആളുകളോട് ക്ഷമ പറയുന്നു. അത് പിന്നീട് എന്റെ മറ്റ് സിനിമകളിലൂടെ തിരുത്തിയെന്ന് ഞാന്‍ വിശ്വസിക്കുന്നു.’
‘കാസനോവ എനിക്ക് ഇഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. ഇഷ്ടപ്പെടാത്ത ഒരു കാര്യവും ഞാന്‍ ചെയ്തില്ല. അതില്‍ ഉപയോഗിച്ചിരുന്ന മേക്കിങ്, ലൊക്കേഷന്‍ സ്റ്റൈല്‍ അതൊക്കെ ഇഷ്ടപ്പെട്ട് തന്നെ ചെയ്തതാണ്. സാങ്കേതികമായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചു. ഒരുപാട് പഠിച്ചു. ഒരുപക്ഷേ ഈ സിനിമ ഉള്ളതുകൊണ്ടാകാം മറ്റുസിനിമകള്‍ നന്നായി ചെയ്യാന്‍ സാധിച്ചത്. ജീവിതകാലം മുഴുവനും ഈ സിനിമ എന്റെകൂടെ ഉണ്ടാകും.’-റോഷന് ആന്‍ഡ്രൂസ് പറഞ്ഞു.