ന്യൂഡല്‍ഹി: അഞ്ചാംവര്‍ഷത്തിലേയ്ക്ക് കടക്കുന്ന മോദി സര്‍ക്കാരിന് തിരിച്ചടിയായി സര്‍വ്വേ. സര്‍വ്വേയില്‍ പങ്കെടുത്ത നല്ലൊരു ശതമാനം ആളുകളും മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ തുടരേണ്ടതില്ലെന്ന് പ്രതികരിച്ചു. 47 ശതമാനം പേരാണ് ഈ നിലയില്‍ പ്രതികരിച്ചത്. അതേസമയം 39 ശതമാനം ജനങ്ങള്‍ മാത്രമാണ് മോദി സര്‍ക്കാരില്‍ വിശ്വാസം പ്രകടിപ്പിച്ചതെന്നും എബിപി -സിഎസ്ഡിഎസ് സര്‍വ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
19 സംസ്ഥാനങ്ങളില്‍ നിന്നായി 15,859 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. രാജ്യത്ത് മോദി വിരുദ്ധ വികാരം ശക്തമാണെന്നും സര്‍വ്വേ ചൂണ്ടികാണിക്കുന്നു. ന്യൂനപക്ഷങ്ങളില്‍ നല്ലൊരു ശതമാനവും മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നത് ആഗ്രഹിക്കുന്നില്ല. ബിജെപി ഏറ്റവുമധികം പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന ഹിന്ദുക്കള്‍ക്കിടയിലും സമ്മിശ്ര പ്രതികരണമാണ്. 42 ശതമാനം ഹിന്ദുക്കള്‍ മോദി വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്.