കൊച്ചി:നിപ്പ വൈറസ് ബാധിച്ച കൊഴിക്കോട് ജില്ലയിലേക്കാണ് ഇപ്പോള്‍ കേരളം ഭീതിയോടെ ഉറ്റുനോക്കുന്നത്. ഭീതിയല്ല ശ്രദ്ധയാണ് വേണ്ടതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുമ്പോഴും ആളുകള്‍ക്ക് ആശങ്കയാണ്. നിപ്പ വൈറസ് മൂലം മരിച്ച രോഗിയെ ചികിത്സിച്ച നഴ്സ് ലിനിയുടെ മരണവാര്‍ത്തയും ആളുകള്‍ നെഞ്ചിടിപ്പോടെയാണ് കേട്ടത്.
ഇതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് യുപിയിലെ ഡോക്ടര്‍ കഫീല്‍ ഖാന്റെ ട്വീറ്റും അതിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പും ശ്രദ്ധേയമായിരുന്നു. നിപ്പ വൈറസ് മൂലം കഷ്ടപ്പെടുന്ന ജില്ലയിലേക്ക് സ്വമേധയാ സഹായവുമായി എത്താന്‍ തയാറായ കഫീല്‍ ഖാനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ധാരാളം ആളുകള്‍ എത്തിയിരുന്നു.
എന്നാല്‍ ഡോക്ടര്‍ കഫീല്‍ ഖാനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷമായ പരിഹാസവുമായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ തന്നെ യുവ ഡോക്ടര്‍ അമ്പിളി കടന്നയില്‍ രംഗത്തെത്തിയിരിക്കുകയാണ്. വെറും ചീപ്പ് പബ്ലിസിറ്റി ആണിതെന്നാണ് അമ്പിളിയുടെ വാദം. കത്തുവ ബാലപീഡനക്കേസില്‍ ഇയാള്‍ വിവാദ കമന്റ് ഇട്ട് കുപ്രസിദ്ധി നേടിയ ആളാണെന്നും സമൂഹമാധ്യമങ്ങള്‍ തെളിവു സഹിതം ചൂണ്ടിക്കാട്ടുന്നു.
‘കഫീല്‍ ഖാന് വരും എല്ലാം ശരിയാകും, വിജയേട്ടന്റെ പുതിയ തന്ത്രം.’- ഇങ്ങനെയായിരുന്നു അമ്പിളിയുടെ ഒരു പോസ്റ്റ്. കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തില്‍ സേവനം ചെയ്യുന്ന ഡോക്ടറാണ് ഇവര്‍. പോസ്റ്റിന് പിന്നാലെ അമ്പിളിക്കെതിരെയുള്ള വിമര്‍ശനവും ശക്തമായി.