സോനം കപൂര്‍-ആനന്ദ് അഹൂജ വിവാഹം വിവാദത്തിലേക്ക്. വിവാഹച്ചടങ്ങുകള്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഒരു കൂട്ടം സിഖ് മതവിശ്വാസികള്‍. മെയ് എട്ടിന് മുംബൈയില്‍ സോനത്തിന്റെ ആന്റിയുടെ ബംഗ്ലാവില്‍ വച്ച് പരമ്പരാഗത സിഖ് മതാചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍.
വിവാഹ ചടങ്ങുകള്‍ നടക്കുന്ന സമയത്ത് ആനന്ദ് തലപ്പാവില്‍ അണിഞ്ഞിരുന്ന പതക്കം അഴിച്ചു മാറ്റിയില്ലെന്നതാണ് വിവാദത്തിനു കാരണം. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹ ചടങ്ങില്‍ സംബന്ധിച്ച കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയാണ് പരാതി. സോനത്തിനും ആനന്ദ് അഹൂജയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ പരാതി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.
സിഖ് മതാചാരപ്രകാരം വിവാഹ ചടങ്ങുകളുടെ സമയത്ത് ഗുരു ഗ്രന്ഥ സാഹിബിന്റെ മുന്നില്‍ വച്ച് തലപ്പാവിലെ പതക്കം അഴിച്ചു മാറ്റണം എന്നാണ് വിശ്വാസം. എന്നാല്‍ വിവാഹ ചടങ്ങില്‍ സംബന്ധിച്ച എസ്ജിപിസി കമ്മിറ്റി അംഗങ്ങള്‍ അടക്കം ആരും ഇതു പാലിച്ചില്ല എന്നാണ് അകാല്‍ തക്തിനു മുമ്പാകെ നല്കിയ പരാതിയില്‍ പറയുന്നത്.