ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടുമെന്ന് ഉറപ്പിച്ച് വീണ്ടും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പയുടെ പ്രസ്താവന. ബി ജെ പി 120ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് എഴുതി നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നുരാവിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് യെദ്യൂരപ്പ ഇക്കാര്യം പറഞ്ഞത്. തൂക്കുസഭയാകും രൂപപ്പെടുകയെന്ന എക്‌സിറ്റ് പോള്‍ ഫലം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇതാണ് എന്റെ കണക്കു കൂട്ടല്‍. ഇതുവരെ എന്റെ കണക്കുകൂട്ടല്‍ തെറ്റിയിട്ടില്ല. ദീര്‍ഘകാലമായി ഞാനിവിടെയുണ്ട്. കര്‍ണാടക മുഴുവനും സഞ്ചരിച്ചിട്ടുമുണ്ട്. ഇത് (ബിജെപി 120ല്‍ അധികം സീറ്റുകള്‍ നേടും എന്നത്) ഇപ്പോള്‍ എഴുതിത്തരണോ? ഫലം വന്നു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് അതുമായി ഒത്തുനോക്കാം’ യെദ്യൂരപ്പ പറഞ്ഞു.
മേയ് പതിനേഴിന് തന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുമെന്ന് വോട്ടെടുപ്പിന് ദിവസങ്ങള്‍ക്കു മുമ്പേ യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു. യെദ്യൂരപ്പയുടെ ഈ പ്രഖ്യാപനത്തെ സ്വപ്‌നം കാണലെന്നാണ് കോണ്‍ഗ്രസ് നേതാവ് സിദ്ദരാമയ്യ വിശേഷിപ്പിച്ചത്.