തിരുവനന്തപുരം: കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയില്‍പ്പെടുത്തി സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വിലനിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 12 രൂപയായി നിശ്ചയിച്ചു. വില നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറക്കുമെന്നും ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു. കുപ്പിവെള്ള ഉല്‍പാദകരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം പറഞ്ഞത്.
കുപ്പിവെള്ളത്തിന്റെ വില 12 രൂപയായി ഏകീകരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഏതാനും കമ്പനികള്‍ ഈ തീരുമാനത്തോട് യോജിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് കുപ്പിവെള്ളത്തിന് പല വിലകളാണ് ഈടാക്കുന്നത്. കുപ്പിവെള്ള കമ്പനികളുടെ ചൂഷണം തടയുക ലക്ഷ്യമിട്ടാണ് വില നിയന്ത്രണത്തിന് ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ രംഗത്തുവരുന്നത്.
ഇപ്പോള്‍ നിലിവിലുള്ള എസന്‍ഷ്യല്‍ ആര്‍ട്ടിക്കിള്‍ കണ്‍ട്രോള്‍ ആക്ടില്‍് കുപ്പിവെള്ളത്തെ കൂടി ഉള്‍പ്പെടുത്തിയാകും ഓര്‍ഡിനന്‍സ് പുറുപ്പെടുവിക്കുക. ഇത് ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.
ഏപ്രില്‍ രണ്ടു മുതല്‍ ഒരു ലിറ്റര്‍ കുടിവെള്ളം 12 രൂപയ്ക്ക് വില്‍ക്കാന്‍ കുടിവെള്ള നിര്‍മ്മാണ കമ്പനികള്‍ (മാനുഫാക്ച്ചേഴ്സ് അസോസിയേഷന്‍) തീരുമാനിച്ചിരുന്നു. എന്നാല്‍ ആ തീരുമാനം വിതരണക്കാരും വ്യാപാരികളും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നു. 20 രൂപയ്ക്കാണ് ഇപ്പോഴും ഒരു ലിറ്റര്‍ വെള്ളം വില്‍ക്കുന്നത്.
ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമം മൂലം കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കാന്‍ തീരുമാനിച്ചത്. 12 രൂപയ്ക്കു വിറ്റാല്‍ ലാഭം കുറയുമെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യാപാരികള്‍ മാനുഫാക്ച്ചേഴ്സ് അസോസിയേഷന്റെ തീരുമാനത്തെ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നത്.