കേരളത്തിലേതുപോലെ മണ്ടന്‍മാരായ വോട്ടര്‍മാര്‍ ലോകത്ത് മറ്റൊരിടത്തും കാണില്ലെന്നു നടന്‍ ശ്രീനിവാസന്‍

കൊച്ചി: കേരളത്തിലെ വോട്ടര്‍മാര്‍ പ്രബുദ്ധരാണ് എന്നൊരു പറച്ചിലുണ്ടെന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരളത്തിലേതുപോലെ മണ്ടന്‍മാരായ വോട്ടര്‍മാര്‍ ലോകത്ത് മറ്റൊരിടത്തും കാണില്ലെന്നും നടന്‍ ശ്രീനിവാസന്‍.ആദ്യ തെരഞ്ഞെടുപ്പുമുതല്‍ അത് പ്രകടമാണ്. ഇവിടത്തെ ഇടത് വലത് മുന്നണികള്‍ പത്ത് വര്‍ഷത്തെ കാര്യങ്ങളാണ് പ്ലാന്‍ ചെയ്യുന്നത്. അഞ്ചു വര്‍ഷം ഭരണം. അപ്പോള്‍ ആവശ്യമുള്ളത് കട്ടെടുത്ത് സമ്പാദിച്ചു വെക്കും. പിന്നെ അഞ്ചുവര്‍ഷം വിശ്രമജീവിതം.ആ സമയത്ത് അല്ലറ ചില്ലറ സമരങ്ങളും ചില ജനകീയ യാത്രകളും. ഇനി ഒന്നും ചെയ്തില്ലെങ്കിലും അടുത്ത തവണ അധികാരത്തിലെത്തുമെന്ന് അവര്‍ക്കറിയാം. അങ്ങനെ രണ്ട് മുന്നണികളും വോട്ടര്‍മാരെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ശ്രീനിവാസന്‍ പറയുന്നു- ഒരു മാധ്യമത്തിന് ല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം.

ജനാധിപത്യം കുറച്ചുനാള്‍ കഴിയുമ്പോള്‍ സ്വേച്ഛാധിപത്യമാകുമെന്ന് ബുദ്ധിയുള്ള ആരോ പറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ആ തലമൊക്കെ കടന്ന് ഏകാധിപത്യത്തിലേക്കാണ് പോകുന്നത്. കേരളത്തില്‍ പോലും രാഷ്ട്രീയപാര്‍ട്ടികള്‍ മാഫിയ സംഘങ്ങള്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്. പണപ്പിരിവ്, ഹര്‍ത്താല്‍, അക്രമം, കൊലപാതകം..പണ്ട് ചമ്പല്‍ക്കൊള്ളക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെ തന്നെയാണ് ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ചെയ്യുന്നത്. ശ്രീനിവാസന്‍ പറയുന്നു.

സിനിമയ്ക്ക് സമൂഹത്തെ തിരുത്താന്‍ പറ്റുമോ എന്ന ചോദ്യത്തിന് വലിയ ബുദ്ധിമുട്ടാണ് എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. ഗാന്ധിജി പറഞ്ഞതു കേള്‍ക്കാത്തവരാണ് നമ്മള്‍. അങ്ങനെയുള്ള ജനങ്ങള്‍ ഒരു സിനിമ കണ്ടാലുടന്‍ നല്ലവരാകും എന്നൊന്നും നമുക്ക് പറയാന്‍ പറ്റില്ല. പിന്നെ ചിലരുടെ ചില തീരുമാനങ്ങളെ സ്വാധീനിക്കാം. അത്രമാത്രം. -എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.

രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റുള്ളവര്‍ക്കു വേണ്ടി സ്വന്തം ജീവിതം ത്യജിക്കുന്നവരാണ് രാഷ്ട്രീയക്കാര്‍. എനിക്ക് അങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ശ്രീനിവാസന്‍ പറയുന്നു.

സിനിമക്കാരുടെ മക്കള്‍ സിനിമയിലേക്ക് വരുന്നതുകൊണ്ട് സിനിമയ്ക്ക് എന്താണ് ഗുണമെന്ന ചോദ്യത്തിന് പ്രത്യേകിച്ച് ആര്‍ക്കും ഒരു ഗുണവും ഉണ്ടെന്നു തോന്നുന്നില്ലെന്നുമായിരുന്നു ശ്രീനിവാസന്റെ മറുപടി. സിനിമക്കാരുടെ മക്കള്‍ക്ക് സിനിമയില്‍ വരാന്‍ എളുപ്പമായിരിക്കും. പക്ഷേ സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ കഠിനാധ്വാനവും ഭാഗ്യവും കഴിവും വേണം. നിലനിന്നുപോകുക എന്നതാണ് പ്രധാനം, അല്ലാതെ സിനിമയില്‍ വരുക എന്നതല്ലെന്നും ശ്രീനിവാസന്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7