ഹൈദരാബാദ്: സീതാറാം യച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തുടരും. തുടര്‍ച്ചയായ രണ്ടാം തവണയാണ് യച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നത്. സമവായത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്റെ 22ാം പാര്‍ട്ടി കോണ്‍ഗ്രസ് യച്ചൂരിയുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. കേന്ദ്ര കമ്മിറ്റിയുടെ അംഗബലവും വര്‍ധിപ്പിച്ചു 95 ആക്കി. അതേസമയം, പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. പി.കെ. ഗുരുദാസന്‍ കേന്ദ്രകമ്മിറ്റിയില്‍നിന്ന് ഒഴിവാകും. എന്നാല്‍ വൈക്കം വിശ്വന്‍ തുടരുമെന്നാണ് സൂചന. മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തുടരും. 10 പുതുമുഖങ്ങള്‍ കേന്ദ്രകമ്മിറ്റിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍നിന്ന് എം.വി. ഗോവിന്ദനും കെ. രാധാകൃഷ്ണനും കേന്ദ്രകമ്മിറ്റിയിലെത്തും.
നിലവില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമായി ചീഫ് എഡിറ്ററുമാണ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. തൃശൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും കേരള നിയമസഭയുടെ മുന്‍ സ്പീക്കറുമാണ് കെ രാധാകൃഷ്ണന്‍.
സമ്മര്‍ദ്ദം ചെലുത്തി യച്ചൂരിയെ മാറ്റാന്‍ കാരാട്ട് പക്ഷം ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ മല്‍സരത്തിനു തയാറാണെന്ന നിലപാടായിരുന്നു യച്ചൂരിയുടേത്. പുതിയ കേന്ദ്ര കമ്മിറ്റി, പൊളിറ്റ് ബ്യൂറോ എന്നിവയ്ക്കുള്ള പാനല്‍ തയാറാക്കാന്‍ ഇന്നലെ രാത്രി ചേര്‍ന്ന പിബിക്കു തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ല. പിബി ഇന്നു രാവിലെ ഒന്‍പതിനു വീണ്ടും ചേര്‍ന്നാണ് യച്ചൂരിയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കാര്യത്തില്‍ തീരുമാനം എടുത്തത്.
പിബിയിലും സിസിയിലും നിലവിലുള്ള പലരെയും ഒഴിവാക്കാന്‍ പാടില്ലെന്ന കാരാട്ട്പക്ഷ നിലപാടാണു പ്രതിസന്ധിക്കു കാരണമായത്. എസ്. രാമചന്ദ്രന്‍ പിള്ള, എ.കെ. പത്മനാഭന്‍, ജി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പിബിയില്‍ തുടരട്ടെയെന്നാണു കാരാട്ട്പക്ഷം വാദിക്കുന്നത്. എസ്ആര്‍പിക്കു 80 വയസെന്ന പ്രായപരിധി ബാധമാണ്; എകെപിയും ജി. രാമകൃഷ്ണനും മാറിയാല്‍ മാത്രമേ സിഐടിയുവിന്റെയും തമിഴ്‌നാടിന്റെയും പുതിയ പ്രതിനിധികളെ ഉള്‍പ്പെടുത്താനാവൂ.
പിബിയിലും സിസിയിലും പുതുമുഖങ്ങള്‍ വരുന്നത് ഇരുസമിതികളിലും തങ്ങള്‍ക്ക് ഇപ്പോഴുള്ള ഭൂരിപക്ഷത്തെ ബാധിക്കാമെന്നാണു കാരാട്ട്പക്ഷത്തിന്റെ വിലയിരുത്തല്‍. ഭൂരിപക്ഷം പഴയ രീതിയില്‍ തുടര്‍ന്നാല്‍ തനിക്കു പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകുക എളുപ്പമല്ലെന്നാണു യച്ചൂരിയുടെ വിലയിരുത്തല്‍. അതിനാല്‍, പിബിയിലും സിസിയിലും സമഗ്രമായ അഴിച്ചുപണി അദ്ദേഹം താല്‍പര്യപ്പെടുന്നു