തകര്‍ന്നുപോയ അവളുടെ ശിരസിന് പകരമായി രാജ്യം തലയറുത്ത് നല്‍കുകയാണ് വേണ്ടത്; ആസിഫയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തി മഞ്ജു വാര്യര്‍

കശ്മീരിലെ കത്വയില്‍ എട്ട് വയസുകാരി ആസിഫയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി നടി മഞ്ജു വാര്യര്‍. കുങ്കുമപ്പൂ പോലെയുളള ആ കുരുന്നിന്റെ ജീവനും അഭിമാനത്തിനും ഒന്നും പകരമാകില്ലെന്നും ഓരോ ഭാരതീയനും അവളോട് മാപ്പ് ചോദിക്കേണ്ട നേരമാണിതെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

തകര്‍ന്നു പോയ അവളുടെ ശിരസിന് പകരമായി ഈ രാജ്യം തലകുനിച്ച് നിന്ന് അത് പകരമായി അറുത്തു നല്കുകയാണ് വേണ്ടതെന്നും മഞ്ജു കുറിച്ചു.

മഞ്ജു വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

കത്തുവ എന്ന നാടിന്റെ പേര് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ ഹൃദയമുള്ളവരുടെയെല്ലാം ഉള്ള് കത്തുകയായിരിക്കണം. കാശ്മീരില്‍ നിന്ന് ഇന്നോളം കേട്ട നിലവിളികളുടെ പതിനായിരം മടങ്ങ് ശക്തിയുണ്ട് ആ എട്ടു വയസുകാരിയുടെ ആരും കേള്‍ക്കാതെ പോയ വിതുമ്പലുകള്‍ക്ക്. തകര്‍ന്നു പോയ അവളുടെ ശിരസിന് പകരമായി ഈ രാജ്യം തലകുനിച്ച് നിന്ന് അത് പകരമായി അറുത്തു നല്കുകയാണ് വേണ്ടത്. ഓരോ ഭാരതീയനും അവളോട് മാപ്പു ചോദിക്കേണ്ട നേരമാണിത്. ഒന്നും പകരമാകില്ല, കുങ്കുമപ്പൂ പോലെയുളള ആ കുരുന്നിന്റെ ജീവനും അഭിമാനത്തിനും..

ഓരോ തവണയും നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ വലിയൊരു കരച്ചിലായി അവസാനിക്കുമ്പോള്‍ നാം രോഷാകുലരാകും, പ്രതികരിക്കും. പക്ഷേ അവിടെ തീരുന്നു എല്ലാം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തക്കവണ്ണം നമ്മുടെ നിയമ വ്യവസ്ഥ ശക്തിപ്പെടുന്ന കാലത്തേ കത്തുവയിലേതുപോലുള്ള കൊടും ക്രൂരതകള്‍ക്ക് അറുതിയാകൂ. അതുണ്ടാകാത്തിടത്തോളം, മാറാത്ത വ്യവസ്ഥയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് നമുക്ക് ഇനിയുമിനിയും ഓരോരുത്തരെയോര്‍ത്ത് കണ്ണീര്‍ പൊഴിക്കാം…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7