മുംബൈ: മള്‍ട്ടിപ്ലക്സ് തിയേറ്ററുകളില്‍ ഭക്ഷ്യവിഭവങ്ങള്‍ക്ക് സാധാരണ വില മാത്രമേ ഈടാക്കാവൂവെന്ന് ബോംബൈ ഹൈക്കോടതി. ഈ വിഷയത്തില്‍ ഉടന്‍ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കി. തിയേറ്ററില്‍ സിനിമ കാണാന്‍ വരുന്നവര്‍ പുറത്ത് നിന്ന് ഭക്ഷണം കൊണ്ടുവരാന്‍ പാടില്ലെങ്കില്‍ അകത്തും ഭക്ഷണം വില്‍ക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു.
മുംബൈ സ്വദേശിയായ ജൈനേന്ദ്ര ബക്‌സി സംസ്ഥാനത്ത് തിയേറ്ററിലെ ഭക്ഷണ സ്റ്റാളുകളിലെ വില കുറയ്ക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് വിധി. ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ എസ്.എം.കെംകര്‍, എം.എസ്.കര്‍ണിക് എന്നിവരുടേതാണ് ഈ ഉത്തരവ്. പരാതിക്കാരന് വേണ്ടി വാദിച്ച അഡ്വ.ആദിത്യ പ്രതാപ് സിങ്ങിന്റെ എല്ലാ വാദവും കോടതി ശരിവച്ചു.
മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍ക്കകത്ത് ഭക്ഷണവും വെളളവും വില്‍ക്കുന്നുണ്ട്. എന്നാലിത് ഉയര്‍ന്ന വിലയ്ക്കാണെന്ന് അഭിഭാഷകന്‍ വാദിച്ചു. ”ശരിയാണ്. ഞങ്ങളും ഇത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്. സാധാരണ വിലയ്ക്ക് ഭക്ഷണം വില്‍ക്കണം,” കോടതി നിലപാട് വ്യക്തമാക്കി.
സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് ഭക്ഷണവും വെളളവും കൊണ്ടുവരാന്‍ സാധിക്കില്ലെങ്കില്‍ തിയേറ്ററിനകത്തും ഭക്ഷണവും വെളളവും വില്‍ക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. ഇതോടെ മള്‍ട്ടിപ്ലക്‌സ് ഓണേഴ്‌സ് അസോസിയേഷന് വേണ്ടി വാദിക്കാനെത്തിയ അഭിഭാഷകന്റെ നില പരുങ്ങലിലായി. സര്‍ക്കാര്‍ അഭിഭാഷകന്‍ ഈ വിഷയത്തില്‍ പ്രത്യേക നിയമം കൊണ്ടുവരാമെന്ന് ഉറപ്പുനല്‍കി.
തിയേറ്ററുകളുടെ നടപടി വയോജനങ്ങളെയാണ് കൂടുതലും ബാധിക്കുന്നതെന്ന് പരാതിക്കാരന്‍ വാദിച്ചു. ”ആരോഗ്യപരമായ കാരണങ്ങളാല്‍ ഭൂരിഭാഗം പേര്‍ക്കും തിയേറ്ററിനകത്ത് വില്‍ക്കുന്ന ജങ്ക് ഫുഡ് കഴിക്കാന്‍ സാധിക്കാറില്ല,” അദ്ദേഹം വാദിച്ചു. സുരക്ഷ നിബന്ധനകള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് തങ്ങള്‍ പുറത്തുനിന്നുളള വസ്തുക്കള്‍ അകത്തേക്ക് പ്രവേശിപ്പിക്കാത്തത് എന്നായിരുന്നു തിയേറ്റര്‍ ഉടമകളുടെ വാദം.