മുന്നണി പ്രവേശനം അധികം വൈകില്ല; എല്ലാവര്‍ക്കും സര്‍പ്രൈസ് ആയിരിക്കുമെന്ന് കെ.എം. മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം അധികം വൈകില്ലെന്ന് ചെയര്‍മാന്‍ കെ.എം. മാണി. എല്ലാവര്‍ക്കും ഒരു ‘സര്‍പ്രൈസ്’ ആയി പ്രവേശനം ഉണ്ടാകും. ഉചിതമായ സമയത്തു തീരുമാനമുണ്ടാകും. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനുമുന്‍പായി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു നയം പ്രഖ്യാപിക്കുമെന്നും ഞായറാഴ്ച ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാണി അറിയിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍നിന്ന് കേരള കോണ്‍ഗ്രസ് വിട്ടുനില്‍ക്കുമെന്നും മാണി പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മാത്രം വ്യക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്നണി ബന്ധം സംബന്ധിച്ച് തീരുമാനമെടുക്കാത്തതുകൊണ്ടാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു മുന്‍പുതന്നെ മുന്നണി പ്രവേശനം സംബന്ധിച്ച കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
മുന്നണി പ്രവേശനം സംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്ന് ഇന്നു നടന്ന സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. യു ഡി എഫിലേക്ക് മടങ്ങണമെന്ന് ഒരു വിഭാഗവും എല്‍ ഡി എഫിന് ഒപ്പം ചേരണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപ്പെട്ടു. മുന്നണി പ്രവേശനം നീണ്ടുപോകുന്നതിനെതിരെ യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാനാണ് ഇന്ന് സ്റ്റിയറിങ് കമ്മറ്റി യോഗം ചേര്‍ന്നത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു തന്നെയായിരുന്നു സ്റ്റിയറിങ് കമ്മറ്റിയിലെ പ്രധാന ചര്‍ച്ചാ വിഷയം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7