പ്രശസ്ത എഴുത്തുകാരന്‍ എം.സുകുമാരന്‍ അന്തരിച്ചു

തൃശൂര്‍: പ്രശസ്ത എഴുത്തുകാരന്‍ എം. സുകുമാരന്‍ (73) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ത്യം. ശേഷക്രിയ, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍, ജനിതകം, ചുവന്ന ചിഹ്നങ്ങള്‍, എം. സുകുമാരന്റെ കഥകള്‍ തുടങ്ങിയവയാണ് പ്രശസ്ത കൃതികള്‍.

1943ല്‍ പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായാണ് സുകുമാരന്‍ ജനിച്ചത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ പഠനം അവസാനിച്ചു. കുറച്ചുകാലം ഷുഗര്‍ ഫാക്ടറിയിലും ആറുമാസത്തോളം ഒരു സ്വകാര്യ വിദ്യാലയത്തില്‍ അധ്യാപകനായും ജോലി ചെയ്തു. 1963 മുതല്‍ തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസില്‍ ക്ലര്‍ക്കായിരുന്നു. 1974ല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍വീസില്‍ നിന്നും പുറത്താക്കപ്പെട്ടു.

1976 ല്‍മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ക്കും 1997 ല്‍ ജനിതകത്തിനും സമഗ്രസംഭാവനയ്ക്ക് 2004 ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചു. പിതൃതര്‍പ്പണത്തിന് 1992 ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരം ലഭിച്ചു.

2006 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ചുവന്ന ചിഹ്നങ്ങള്‍ എന്ന ചെറുകഥാസമാഹാരത്തിനു ലഭിച്ചു. മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 1981 ല്‍ ശേഷക്രിയയ്ക്കും 1995 ല്‍ കഴകത്തിനും ലഭിച്ചു. സംഘഗാനം, ഉണര്‍ത്തുപാട്ട് എന്നീ കഥകള്‍ ചലച്ചിത്രങ്ങളായിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7