കാനറാ ബാങ്കും തട്ടിപ്പിനിരയായി; 515 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി സി.ബി.ഐയ്ക്ക് പരാതി

ന്യൂഡല്‍ഹി: പി.എന്‍.പിക്കും ബാങ്ക് ഓഫ് ബറോഡയ്ക്കും പിന്നാലെ തട്ടിപ്പു വെളിപ്പെടുത്തി കാനറാ ബാങ്ക്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ആര്‍പി ഇന്‍ഫോ സിസ്റ്റം എന്ന സ്ഥാപനവും അതിന്റെ ഡയറക്ടര്‍മാരും ചേര്‍ന്ന് 515 കോടി രൂപയുടെ തട്ടിച്ചുവെന്ന് കാട്ടി കാനറാ ബാങ്ക് സിബിഐയ്ക്കു പരാതി നല്‍കി.

പ്രഥമവിവര റിപ്പോര്‍ട്ട് അനുസരിച്ചു ഫെബ്രുവരി 26നു കാനറാ ബാങ്ക് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഡി.വി.പ്രസാദ് റാവു മൊത്തം 515.15 കോടി രൂപയുടെ തട്ടിപ്പു സംബന്ധിച്ചാണു ആര്‍പി ഇന്‍ഫോ സിസ്റ്റത്തിനെതിരെ പരാതി നല്‍കിയിട്ടുള്ളത്. ഡയറക്ടര്‍മാരായ ശിവജി പഞ്ജ, കൗസ്തവ് കൗസ്തുവ് റോയ്, വിനയ് ബഫ്ന, ഡെബ്നാഥ് പാല്‍ (വൈസ്പ്രസിഡന്റ് ഫിനാന്‍സ്) എന്നിവര്‍ ചേര്‍ന്നു കാനറാ ബാങ്കിനെയും മറ്റ് ഒന്‍പതു ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെയും കബളിപ്പിച്ചുവെന്നാണു പരാതി.

ബാങ്ക് ഉദ്യോഗസ്ഥരുമായി ചേര്‍ന്നു നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നു വ്യാജരേഖകളും കത്തുകളും നല്‍കി ഇവര്‍ പണം തട്ടിച്ചുവെന്നു പരാതിയില്‍ പറയുന്നു. കണ്‍സോര്‍ഷ്യത്തിലെ മറ്റു ബാങ്കുകള്‍ പരാതി നല്‍കാന്‍ കാനറാ ബാങ്കിനെ ചുമതലപ്പെടുത്തുകയായിരുന്നു. 2012 മുതല്‍ തട്ടിപ്പു നടത്തിവരികയായിരുന്നുവെന്നാണു സൂചന. ആര്‍പി ഇന്‍ഫോ സിസ്റ്റത്തിന്റെ ഡയറക്ടര്‍മാരിലൊരാളായ ശിവജി പഞ്ജയ്ക്കെതിരെ നേരത്തേയും തട്ടിപ്പിനു കേസുകളുള്ളതാണ്.

മൊത്തം 10 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ കാനറാ ബാങ്ക് കൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍, യൂണിയന്‍ബാങ്ക് ഓഫ് ഇന്ത്യ, അലഹാബാദ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്സ്, സെന്‍ട്രല്‍ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനല്‍ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, ഫെഡറല്‍ബാങ്ക് എന്നിവയാണുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7