ന്യൂഡല്‍ഹി: ജനമധ്യത്തില്‍ റോഡിലൂടെ നടന്നുപോകുമ്പോള്‍ പിന്നാലെ നടന്ന് അസഭ്യം പറഞ്ഞ യുവാവിനെ യുവതി കരണത്തടിച്ചു. ഡല്‍ഹി കരോള്‍ബാഗിലായിരുന്നു സംഭവം. സാധനങ്ങള്‍ വാങ്ങാനെത്തിയ യുവതിയെയും കൂട്ടുകാരിയെയും യുവാവും സംഘവും പിന്തുടര്ന്ന് മോശം പരാമര്‍ശങ്ങള്‍ നടത്തി. ഇവരെ അവഗണിച്ച് മുന്നോട്ട് പോകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇതേ തുടര്‍ന്ന് യുവതിയുടെ കൂട്ടുകാരിയും ഓട്ടോയില്‍ കയറിയപ്പോള്‍ വീണ്ടും ശല്യപ്പെടുത്തി യുവാക്കള്‍ വന്നു. പിന്നീട് യുവതി ഓട്ടോയില്‍ നിന്നിറങ്ങി യുവാക്കളിലൊരാളുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിക്കുകയും കരണത്തടിക്കുകയും ചെയ്തത്. ബഹളം കേട്ട് മറ്റാളുകള്‍ ഓടിക്കൂടി. തുടര്‍ന്ന് യുവതി ഇയാളെ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തിക്കുകയും പരാതി നല്‍കുകയും ചെയ്തു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹരിയാന സ്വദേശിയായ മനീഷ് എന്ന യുവാവാണ് യുവതികള്‍ക്ക് നേരെ അസഭ്യം പറഞ്ഞത്. ഇയാളുടെ സുഹൃത്ത് അഭിഷേകിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.