വീണ്ടും ബാങ്ക് തട്ടിപ്പ്: ഓറിയന്റല്‍ ബാങ്കില്‍ നിന്ന് 390 കോടി വായ്പയെടുത്ത ശേഷം വജ്രവ്യാപാരി മുങ്ങി

മുംബൈ: പി.എന്‍.ബി ബാങ്ക് തട്ടിപ്പിനു പിന്നാലെ രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ്. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വജ്രവ്യാപാര കമ്പനിയായ ദ്വാരക സേത്ത ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് ഓറിയന്റ് ബാങ്ക് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കമ്പനി ബാങ്കില്‍ നിന്ന് 390 കോടി രൂപ വായ്പയെടുത്ത ശേഷം തിരിച്ചടച്ചില്ലെന്നാണ് പരാതി. പരാതിയില്‍ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു.

കമ്പനിയുടെ ഡയറക്ടര്‍മാരായ സഭ്യ സേത്ത്, റീത്ത സേത്ത്, കൃഷ്ണകുമാര്‍ സിംഹ്, രവി സിംഗ് മറ്റൊരു കമ്പയായ ദ്വാരക സേത്ത് സെസ് ഇന്‍കോര്‍പ്പറേഷന്‍ എന്നിവരുടെ പേരിലും കേസെടുത്തിട്ടുണ്ട്.

2007-12 കാലയളവിലാണ് ദ്വാരക സേത്ത് കമ്പനി ഓറിയന്റല്‍ ബാങ്കില്‍ നിന്ന് 389 കോടി വായ്പ എടുത്തത്. സ്വര്‍ണത്തിന്റെയും മറ്റ് വിലയേറിയ കല്ലുകളും വാങ്ങുന്നതിനായി മറ്റുള്ളവരുടെ ലെറ്റേഴ്സ് ഒഫ് ക്രെഡിറ്റ് ഉപയോഗിക്കുകയും വ്യാജ ഇടപാടുകളിലൂടെ രാജ്യത്തിന് പുറത്തേക്ക് സ്വര്‍ണവും രത്നവും കടത്തിയെന്നാണ് ബാങ്ക് പരാതിയില്‍ പറയുന്നത്.

കൂടാതെ കടലാസ് കമ്പനികളുമായി ബിസിനസ് ഇടപാടുകള്‍ കമ്പനി നടത്തിയെന്നും പരാതിയിലുണ്ട്. ബാങ്ക് നടത്തിയ അന്വേഷണത്തില്‍ സഭ്യ സേത്തിനെയും കുടുംബത്തെയും കുറിച്ച് കഴിഞ്ഞ 10 മാസമായി യാതൊരു വിവരവുമില്ലെന്നും പറയുന്നു. ദ്വരക സേത്ത് കമ്പനിക്കെതിരായി കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ബാങ്ക് പരാതി നല്‍കിയിരുന്നെങ്കിലും വ്യാഴാഴ്ചയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ആരോപണമുണ്ട്.
10 മാസമായി ഇവരും കമ്പനിയുടെ മറ്റ് ഡയറക്ടര്‍മാരും കുടുംബാംഗങ്ങളും സ്ഥലത്തില്ലെന്നാണ് സിബിഐ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7