എല്‍.ഡി.എഫിലേക്ക് ചേക്കേറാന്‍ ജെ.ഡി.യു സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം; ഇതാണ് അനുയോജ്യമായ സമയമെന്ന് എം.പി വീരേന്ദ്ര കുമാര്‍

തിരുവനന്തപുരം: എല്‍ഡിഎഫിലേക്ക് പോകാന്‍ ജെഡിയു സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. 14 ജില്ലാ പ്രസിഡന്റുമാരും തീരുമാനത്തെ അനുകൂലിച്ചു. എല്‍ഡിഎഫിലേക്ക് പോകാനുള്ള അനുയോജ്യമായ സമയമാണിതെന്ന് സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍ യോഗത്തില്‍ പറഞ്ഞു. ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

അന്തിമ തീരുമാനം എടുക്കാനുള്ള നിര്‍ണായക യോഗങ്ങള്‍ തിരുവനന്തപുരത്ത് തുടരുന്നു. ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശത്തില്‍ കെ.പി. മോഹനനും നിലപാട് മാറ്റി. ഇടതുമുന്നണിയിലേക്ക് പോകാനുള്ള നീക്കത്തിന് അദ്ദേഹവും പിന്തുണ പ്രഖ്യാപിച്ചു.

അതേസമയം വീരേന്ദ്രകുമാറിന്റെ നീക്കം വ്യക്തി താല്‍പ്പര്യം സംരക്ഷിക്കാനെന്ന് യുഡിഎഫ് വിമര്‍ശിച്ചു.

ഇതിനിടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പാലക്കാട് നിന്നുള്ള സംസ്ഥാന സെക്രട്ടറി രാജിവച്ച് ഇറങ്ങിപ്പോയി. മുന്നണി മാറ്റം അടക്കമുള്ള തീരുമാനം എടുക്കാനായി രണ്ട് ദിവസം നീളുന്ന നേതൃയോഗമാണ് തിരുവനന്തപുരത്ത് തുടരുന്നത്. ആദ്യം നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ഇടത് മുന്നണി പ്രവേശനത്തിന്റെ സൂചനകള്‍ എം.പി. വീരേന്ദ്രകുമാര്‍ നല്‍കിയത്. ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും നിലവിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് മുന്നണി മാറ്റം അത്യാവശ്യമാണന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

തുടര്‍ന്ന് സംസാരിച്ച ഭൂരിഭാഗം സംസ്ഥാന നേതാക്കളും 14 ജില്ലാ പ്രസിഡന്റുമാരും നീക്കത്തെ പിന്താങ്ങുകയായിരുന്നു. നേരത്തേ, യുഡിഎഫിന്റെ വോട്ടില്‍ രാജ്യസഭാംഗമായിരുന്ന എം.പി.വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവച്ചിരുന്നു. രാജിവച്ച ഒഴിവിലുള്ള രാജ്യസഭാ സീറ്റും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ടുസീറ്റും വേണമെന്ന് ജെഡിയു എല്‍ഡിഎഫില്‍ ആവശ്യപ്പെട്ടേക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7