Site icon Pathram Online

മോഷണം എന്നു പറഞ്ഞാ ഇതാണ്, കണ്ട ബൈക്കോ, കാറോ ഒന്നുമല്ല കടത്തിക്കൊണ്ടു പോയത്, ഒന്നാന്തരം ക്രെയിൻ തന്നെ…, തളിപ്പറമ്പ് നിന്ന് കാണാതായ ക്രെയിൻ കണ്ടെത്തിയത് രാമപുരത്തുനിന്ന്, ഒരാൾ പിടിയിൽ, മോഷണത്തിനു പിന്നിൽ വ്യക്തി വൈരാ​ഗ്യം

രാമപുരം: കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് നിന്ന് കാണാതായ ക്രെയിൻ കോട്ടയം രാമപുരത്ത് വച്ച് പിടികൂടി. ഞായറാഴ്ച കാണാതായ ക്രെയിനുമായി എരുമേലി സ്വദേശി മാർട്ടിനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ക്രെയിനാണ് കാണാതായത്.

മാർട്ടിന്റെ ഉടമസ്ഥതയിലുള്ള ക്രെയിൻ മുൻപ് ഇതേ കൺസ്ട്രക്ഷൻ കമ്പനി വാടകയ്ക്ക് എടുത്തിരുന്നു. എന്നാൽ ദേശീയപാത നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ വാടകയ്ക്കെടുത്ത ക്രെയിനിന് നാശനഷ്ടം സംഭവിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ഈ അപകടം. ഇതേ തുടർന്നുള്ള വ്യക്തി വൈരാഗ്യമാണ് മോഷണത്തിന് പിന്നിലെന്നാണ് ലഭ്യമാകുന്ന സൂചന.

ദേശീയപാത നിർമ്മാണ കരാറുകാരുടെ കെഎൽ 86എ 9695 നമ്പർ ക്രെയിൻ ആണ് മോഷണം പോയത്. ദേശീയപാതയിൽ കുപ്പം പാലത്തിൻറെ നിർമാണത്തിനായി നിർത്തിയിട്ട സ്ഥലത്തു നിന്നാണ് ക്രെയിൻ കാണാതായത്. കഴിഞ്‍ഞ 18ന് രാത്രി പണി കഴിഞ്ഞ് കുപ്പം എംഎംയുപി സ്കൂൾ മതിലിനോട് ചേർന്ന് നിർത്തിയിട്ടതായിരുന്നു ക്രെയിൻ.

ഞായറാഴ്ച രാവിലെ ക്രെയിൻ ഓപ്പറേറ്റർ എത്തിയപ്പോൾ ക്രെയിൻ കാണാനില്ലായിരുന്നു. തുടർന്ന് പരിസരത്ത് തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സമീപത്തെ സിസിടിവികൾ പരിശോധിച്ചപ്പോഴാണ് രണ്ട് പേർ ക്രെയിൻ ഓടിച്ചുപോകുന്ന ദൃശ്യം ലഭിച്ചത്. എഞ്ചിനീയർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുമ്പോഴാണ് ക്രെയിൻ രാമപുരത്തുനിന്ന് പിടികൂടുന്നത്.
“ഷാരോൺ പ്രണയത്തിന് അടിമ, മരണക്കിടക്കയിലും അവൻ അവളെ പ്രണയിച്ചിരുന്നു, മരണം മുന്നിൽ എത്തി നിൽക്കുമ്പോഴും അതിനു കാരണക്കാരിയായവളെ വിശേഷിപ്പിച്ചത് വാവയെന്ന്”…

Exit mobile version