വളര്‍ച്ചയില്‍ കടപ്പെട്ടിരിക്കുന്നത് പ്രിയദര്‍ശനോട്; ബോളിവുഡിലെ ഉയര്‍ച്ചയെകുറിച്ച് അക്ഷയ്കുമാര്‍

ബോളിവുഡില്‍ ഏറ്റവുമധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തവരിലൊരാളാണ് പ്രിയദര്‍ശന്‍. അതില്‍ ഏറെയും ചിത്രങ്ങളില്‍ നായകനായത് അക്ഷയ്കുമാറും. മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് പറിച്ചുനട്ട അവയില്‍ പലതും വലിയ വിജയങ്ങളുമായി. ഏറെക്കാലത്തിനുശേഷം ഒപ്പത്തിലൂടെ മോഹന്‍ലാലുമൊത്ത് മലയാളത്തില്‍ ഒരു വിജയം നേടിയതിന്റെ സന്തോഷത്തിലാണ് പ്രിയന്‍. ശേഷം ബോളിവുഡില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായകന്‍ അക്ഷയ്കുമാര്‍ തന്നെ. ഒരു നടന്‍ എന്ന നിലയിലുള്ള വളര്‍ച്ചയ്ക്ക് പ്രിയദര്‍ശന്‍ എന്ന സംവിധായകനോട് എത്രത്തോളം കടപ്പെട്ടിരിക്കുന്നുവെന്ന് പറയുകയാണ് അക്ഷയ്കുമാര്‍ ഒരു പുതിയ അഭിമുഖത്തില്‍.

കരിയറിന്റെ തുടക്കകാലത്ത് ആക്ഷന്‍ ഹീറോ ഇമേജിലേക്ക് തളയ്ക്കപ്പെട്ടകാലത്ത് അതില്‍നിന്ന് മോചിപ്പിച്ചത് പ്രിയദര്‍ശനായിരുന്നെന്ന് പറയുന്നു അക്ഷയ്. ‘കരിയറിന്റെ തുടക്കകാലത്ത് ആക്ഷന്‍ സിനിമകള്‍ മാത്രമാണ് ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. സംഘട്ടനരംഗങ്ങളില്ലാത്ത ഒരു സിനിമയിലെ കഥാപാത്രമായി ഇന്റസ്ട്രിയിലെ ഒരാളും എന്നെ പരിഗണിക്കുകപോലുമില്ലായിരുന്നു. എന്നും ഈ കിക്കുകളും പഞ്ചുകളുമായി കഴിഞ്ഞാല്‍ മതിയോ എന്ന് ഞാന്‍ എന്നോടുതന്നെ ചോദിച്ചു..’ ഇമേജ് എന്ന കുരുക്കിനെക്കുറിച്ച് ഒടുവില്‍ താന്‍ ബോധവാനായെന്നും വ്യത്യസ്തമായെന്തെങ്കിലും ചെയ്യണമെന്ന് തോന്നിയെന്നും പറയുന്നു അക്ഷയ്കുമാര്‍.

കരിയറിന്റെ തിളക്കമാര്‍ന്ന കാലത്ത് നില്‍ക്കുകയാണ് അക്ഷയ്കുമാര്‍ ഇപ്പോള്‍. കഴിഞ്ഞവര്‍ഷം അദ്ദേഹം സ്‌ക്രീനിലെത്തിയ മൂന്ന് ചിത്രങ്ങളും ബോക്‌സ്ഓഫീസില്‍ ചലനമുണ്ടാക്കി.

SHARE