മോഡിയെ കെട്ടുകെട്ടിക്കാന്‍ മമത; യുപിയിലും പഞ്ചാബിലും ബിജെപിക്കെതിരേ പ്രചാരണം നടത്തും

ന്യൂഡല്‍ഹി:പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബിജെപി വിരുദ്ധപാര്‍ട്ടികളുമായി കൂടുതല്‍ അടുക്കുന്നു. നോട്ടുനിരോധനത്തിലൂന്നി നരേന്ദ്ര മോഡിയ്‌ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന നീക്കം കൂടുതല്‍ തീവ്രമാക്കാനാണ് മമതയുടെ ശ്രമം. 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പിനു ശേഷം ബിജെപി വിരുദ്ധസര്‍ക്കാരിന് രൂപം കൊടുക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുമെന്ന് തൃണമൂല്‍ മുമ്പ് പ്രസ്താവിച്ചിരുന്നു.

നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്ന യുപിയിലും പഞ്ചാബിലും മമതയെത്തും. പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിയിലും യുപിയില്‍ എസ്പികോണ്‍ഗ്രസ് റാലിയിലും മമതയുടെ സാന്നിധ്യമുണ്ടാവും. യുപിയില്‍ രാഹുല്‍ ഗാന്ധിയുടെയും അഖിലേഷ് യാദവിന്റെയും റാലികളിലാണ് മമത വേദി പങ്കിടുക. റാലിയുടെ തീയതി 30ാം തീയതി മമതയുടെ വസതിയില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ തീരുമാനിക്കും. യുപിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നാണ് സൂചന. ബിജെപി വിരുദ്ധവോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മമതയ്ക്ക് താല്‍പര്യമില്ലെന്ന് നേതൃത്വത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കോണ്‍ഗ്രസ് സഖ്യമുപയോഗിച്ച് പഞ്ചാബില്‍ ചുവടുറപ്പിക്കാനാണ് മമതയുടെ ശ്രമം. 20 സ്ഥാനാര്‍ത്ഥികളെയാണ് തൃണമൂല്‍ മത്സരിപ്പിക്കുന്നത്.

നോട്ട് നിരോധനത്തിനെതിരെ യുപിയില്‍ ജാഥ നടത്തുന്നതിന് അഖിലേഷ് പിന്തുണയര്‍പ്പിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തിനെതിരെയുള്ള പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ തന്നെയാണ് മമതയുടെ തീരുമാനം. ദേശീയ രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമാവാനാണ് മമത കണക്കുകൂട്ടുന്നതെന്നും സൂചനയുണ്ട്. മമതയുടെ നേതൃത്വത്തില്‍ ഒരു മൂന്നാം മുന്നണിക്കുള്ള വിദൂര സാധ്യതയും രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഏതാനും തൃണമൂല്‍ മന്ത്രിമാരും ബോബി ഹക്കിം, സുല്‍ത്താന്‍ അഹമ്മദ്, മുകുള്‍ റോയ് എന്നീ എംപിമാരും മമതക്കൊപ്പം റാലിയില്‍ പങ്കെടുക്കും.

SHARE