നിരക്കുയുദ്ധത്തില്‍ എയര്‍ടെലിന് തിരിച്ചടി; ലാഭം 55 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: യുദ്ധത്തിന്റെ ഒന്നാം റൗണ്ടില്‍ ഭാരതി എയര്‍ടെലിന് ആഘാതം. റിലയന്‍സ് ജിയോ തുടങ്ങിയ നിരക്കുയുദ്ധത്തില്‍ എയര്‍ടെലിന് ലാഭം 55 ശതമാനം ഇടിഞ്ഞു. ഒക്ടോബര്‍ ഡിസംബര്‍ ത്രൈമാസത്തിലാണു രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിക്ക് ഈ തിരിച്ചടി. ത്രൈമാസ ലാഭം 504 കോടി രൂപ. കഴിഞ്ഞവര്‍ഷം ഇതേ ത്രൈമാസത്തില്‍ 1108 കോടി രൂപയായിരുന്നു അറ്റാദായം. ലാഭം ചെറിയതോതിലേ കുറയൂ എന്നാണു നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്. ഇത്ര താഴ്ച ആരും കണക്കാക്കിയില്ല.

സംസാരത്തിനു ചാര്‍ജില്ലാതെയും ഡാറ്റായ്ക്കു തീരെ കുറഞ്ഞ നിരക്കിട്ടും റിലയന്‍സ് ജിയോ സെപ്റ്റംബറിലാണു മത്സരത്തിനു വന്നത്. ഇതിനു ശേഷം എയര്‍ടെല്‍ ഡാറ്റയുടെ നിരക്ക് 66 ശതമാനം കുറച്ചു. ഇതുമൂലം ഡാറ്റായില്‍നിന്നുള്ള വരവ് മൂന്നുശതമാനം കുറഞ്ഞു. കറന്‍സി റദ്ദാക്കല്‍ ഗ്രാമീണ മേഖലയില്‍ റീ ചാര്‍ജിംഗ് കുറച്ചതായും ഭാരതി ഗ്രൂപ്പ് പറഞ്ഞു.

ത്രൈമാസ വിറ്റുവരവ് 3.1 ശതമാനം കുറഞ്ഞ് 23,363 കോടി രൂപയായി. പലിശയ്ക്കും തേയ്മാനച്ചെലവിനും മുമ്പുള്ള ലാഭത്തോത് 36.4 ശതമാനമുണ്ട്. എന്നാല്‍, സ്‌പെക്ട്രം ലേലത്തില്‍ വലിയ തുക മുടക്കേണ്ടിവന്നതു പലിശച്ചെലവ് കൂട്ടി. ഒക്ടോബര്‍-ഡിസംബറില്‍ ഉപയോക്താവില്‍നിന്നുള്ള ശരാശരി വരുമാനം തലേ ത്രൈമാസത്തില്‍നിന്ന് ഏഴു ശതമാനം താണ് 123 രൂപയായി.

SHARE