അധോലോകനായകന്റെ തോക്കിനുമുന്നില്‍ നെഞ്ച് വിരിച്ച് ഷാരൂഖ് ; സിനിമയിലല്ല ജീവിതത്തില്‍

ബോളിവുഡിന്റെ ഏറ്റവും പ്രീയപ്പെട്ട സൗഹൃദമാണ് കിങ് ഖാനും കരണ്‍ ജോഹറും. നിരവധി സിനിമകള്‍ക്കായി ഇരുവരും ഒന്നിച്ചിട്ടുണ്ടെങ്കിലും സിനിമയ്ക്കപ്പുറമുള്ള സഹോദര സ്‌നേഹമാണ് ഇരുവരും തമ്മില്‍. കരണ്‍ ജോഹറിന്റെ ആത്മകഥയായ ‘ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ്’ പുറത്തിറങ്ങിയപ്പോഴും ഏറ്റവും ചര്‍ച്ചയായത് ഈ സൗഹൃദം തന്നെ. തന്റെ ജീവിതത്തിന്റെ ഭാഗമായ ഏറ്റവും അടുത്ത സുഹൃത്തുമൊത്തുള്ള അനുഭവങ്ങള്‍ ഹൃദയ സ്പര്‍ശിയായി തന്നെ കരണ്‍ എഴുതിയിട്ടുണ്ട്. രസകരമായ ഓര്‍മ്മകള്‍ക്കിടയില്‍ ഷാരൂഖ് എന്ന യഥാര്‍ത്ഥ സഹോദരനെ കാണിക്കുന്ന അനുഭവങ്ങളുമുണ്ട്.
shah-rukh-khan-karan-johar
അധോലോക നായകന്‍ അബു സലീമില്‍ നിന്ന് കരണിന് വധഭീഷണിയുണ്ടായ സമയത്ത് മറ്റുള്ളവര്‍ ഭയന്നപ്പോഴും ധൈര്യം നല്‍കിയത് ഷാരൂഖ് ആണ്. കരണ്‍ ജോഹറും ഷാരൂഖും ഒന്നിച്ച കുച്ച് കുച്ച് ഹോത്താ ഹേ റിലീസ് ചെയ്യാന്‍ തീരുമാനിച്ച സമയം. ഒരു തിങ്കളാഴ്ച കരണ്‍ ആന്റിയുമായി ഷോപ്പിങിന് പോയ നേരത്ത് വീട്ടിലേയ്ക്ക് ഫോണ്‍ വന്നു. ആ സമയം കരണിന്റെ അമ്മ മാത്രമായിരുന്നു വീട്ടില്‍. ഫോണില്‍ അധോലോക നായകന്‍ അബു സലീം, നിങ്ങളുടെ മകന്റെ പിന്നാലെ ഇപ്പോള്‍ ഞങ്ങളുണ്ട് അവനൊരു ചുവന്ന ടീഷര്‍ട്ടല്ലേ ധരിച്ചിരിക്കുന്നത്. ഈ വെള്ളിയാഴ്ച അവന്റെ സിനിമ റിലീസ് ചെയ്യാന്‍ പാടില്ല. അതില്‍ നിന്ന് അവനെ പിന്തിരിപ്പിച്ചില്ലെങ്കില്‍ തീര്‍ക്കാന്‍ ഞങ്ങള്‍ക്ക് നിമിഷങ്ങള്‍ മതി എന്നായിരുന്നു ഭീഷണി.
karan-johar-shahrukh-khan
പരിഭ്രാന്തയായ അമ്മ അപ്പാര്‍ട്ട്‌മെന്റിന്റെ പടിയിലൂടെ കരഞ്ഞു കൊണ്ട് കരണെ അന്വേഷിക്കാന്‍ ഓടി. എന്നാല്‍ ഇതേ സമയം കരണ്‍ മടങ്ങിയെത്തിയിരുന്നു. പിന്നീട് അമ്മ തന്നെ പോലീസിനെ വിവരം അറിയിച്ചു. കുറച്ചു സമയത്തിനുള്ളില്‍ വീട്ടില്‍ ബന്ധുക്കളും, സുഹൃത്തുക്കളും, പോലീസും എത്തി. ആ ബുധനാഴ്ചയായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍ തീരുമാനിച്ചിരുന്നത്. റിലീസും പ്രീമിയറും മാറ്റി വെയ്ക്കാന്‍ പറ്റാത്ത അവസ്ഥ. അങ്ങനെ പോലീസ് സംരക്ഷണയില്‍ പ്രീമിയര്‍ നടത്താമെന്നു തീരുമാനിച്ചു.

തന്റെ സിനിമയുടെ പ്രീമിയര്‍ ദിവസം താന്‍ മാത്രം പോലീസ് സംരക്ഷണയില്‍ മുറിക്കുള്ളില്‍. സിനിമ കാണാന്‍ ഷമ്മി കപൂര്‍ വരുന്നതു കാണുകയായിരുന്നു കരണിന്റെ ഏറ്റവും വലിയ സ്വപ്നം. എന്നാല്‍ പുറത്തിറങ്ങാന്‍ പോലീസ് സമ്മതിച്ചില്ല. കരണിന്റെ ആഗ്രഹത്തെക്കുറിച്ച് ഷാരൂഖിന് അറിയാമായിരുന്നു. ഷമ്മി കപൂര്‍ വരുന്ന സമയമായപ്പോള്‍ ഷാരൂഖ് മുറിയിലേയ്‌ക്കെത്തി. ആരുടെയും എതിര്‍പ്പ് വകവെക്കാതെ കരണിനെ വലിച്ചിറക്കി. എല്ലാവരും വേണ്ടെന്ന് പറഞ്ഞപ്പോള്‍ ഷാരൂഖ് പറഞ്ഞു, കരണിനും എനിക്കും ഒന്നും സംഭവിക്കില്ല, ഞാനൊരു പത്താനാണ്. അതിനു ശേഷം കരണിന്റെ മുന്നില്‍ മറയായി നിന്നു. ഇനി ആരാണ് നിന്നെ വെടി വെയ്ക്കുന്നതെന്ന് കാണട്ടെ, ഞാന്‍ ഇവിടെ തന്നെ കാണും. പിന്നീട് ആരെയും ഭയക്കാതെ ചിത്രത്തിന്റെ റിലീസും നടന്നു. വര്‍ഷങ്ങള്‍ ഇത്ര പിന്നിടുമ്പോഴും ആ സഹോദര സ്‌നേഹം ശക്തമായി തുടരുന്നു.

SHARE