അവരോടു ക്ഷമിക്കാനാവില്ലെന്ന്‌ കരണ്‍ ജോഹര്‍; കരണ്‍ നാണംകെട്ട കളി കളിക്കുന്നുവെന്ന്‌ കജോള്‍

ബി ടൗണിലെ ആരെയും അദ്ഭുതപ്പെടുത്തുന്ന സൗഹൃദമായിരുന്നു സംവിധായകന്‍ കരണ്‍ ജോഹറും നടി കജോളും തമ്മിലുണ്ടായിരുന്നത്. കജോളിന്റെ കരിയറിലെ എക്കാലത്തെയും ഹിറ്റ് കുഛ് കുഛ് ഹോത്താ ഹേയടക്കമുള്ള ചിത്രങ്ങള്‍ കരണിന്റെ സംവിധാനത്തില്‍ പിറന്നതാണ്. എന്നാല്‍ പെട്ടെന്നാണ് ആഴത്തിലുള്ള ആ സൗഹൃദത്തിനു മങ്ങലേറ്റത്. കാരണമന്വേഷിച്ചവര്‍ക്കും ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം പുറത്തിറങ്ങിയ തന്റെ ജീവചരിത്രത്തിലാണ് കരണ്‍ ആ അധ്യായത്തിന്റെ ചുരുളഴിച്ചത്.

ഈയടുത്ത് പുറത്തിറങ്ങിയ ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ് എന്ന തന്റെ ജീവചരിത്രത്തിലാണ് കരണ്‍ ജോഹര്‍ കജോളിനെ കുറിച്ചുളള വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. പുസ്തകം പുറത്തിറങ്ങിയ മുതല്‍ കരണിന്റെ ലൈംഗികതയുമായി ബന്ധപ്പെട്ടുള്ള വിവാദ ചര്‍ച്ചകളും ഇതോടൊപ്പം പൊടി പൊടിക്കുന്നുണ്ട്. സൗഹൃദത്തില്‍ വിശ്വാസമര്‍പ്പിച്ച് കജോളിനോട് പറഞ്ഞ മറ്റൊരാളോടും വെളിപ്പെടുത്താനാനിഷ്ടപ്പെടാത്ത ഒരു കാര്യം അവര്‍ പരസ്യമാക്കിയത് തന്നെ ഞെട്ടിപ്പിച്ചുവെന്നാണ് കരണ്‍ പറയുന്നത്. അതു കൊണ്ടു തന്നെ അവരോടു ക്ഷമിക്കാന്‍ തനിക്ക് കഴിയില്ല. തന്റെ തെറ്റുമനസ്സിലായെന്ന ഒരു വാക്കുപോലും കജോളില്‍ നിന്നുണ്ടായതുമില്ല, കരണ്‍ പറയുന്നു. അതിനുശേഷം പൊതു പരിപാടികളിലുള്‍പ്പെടെ കജോളിനെ കണ്ടാലും പരസ്പരം ഒരു വാക്കുപോലും മിണ്ടാതായി.

കജോളെന്ന സുഹൃത്ത് അന്നു മുതല്‍ തന്റെ മനസ്സിലില്ല. അവര്‍ക്കൊരിക്കലും മാപ്പു നല്‍കാനാവില്ല. അല്ലെങ്കില്‍ തന്റെ സൗഹൃദം അവരര്‍ഹിക്കുന്നില്ല. അതു മാത്രമല്ല താന്‍ വിശ്വസിച്ച് പറഞ്ഞ തികച്ചും വ്യക്തിപരമായ ആ കാര്യത്തോടു തനിക്ക് നീതി പുലര്‍ത്തണം- കരണ്‍ പറയുന്നു.

കരണിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് കജോള്‍ പ്രതികരണവുമായി രംഗത്തെത്തിയത്. പുസ്തകം ചിലവഴിക്കാന്‍ വേണ്ടി കരണ്‍ ജോഹര്‍ നാണം കെട്ട കളി കളിക്കുകയാണെന്നാണ് കജോളും അജയ് ദേവ്ഗണും പറയുന്നത്. കജോളുമായി അടുത്തവൃത്തങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. കരണ്‍ ജോഹറിന് മുന്നില്‍ വന്നു സംസാരിക്കാനാവില്ലെന്നും പിന്നില്‍ നിന്ന് പറയാനേ കഴിയൂ എന്നും ഇപ്പോള്‍ ചലച്ചിത്ര ലോകം മനസ്സിലാക്കിയെന്നും കജോള്‍ ആരോപിക്കുന്നു.

SHARE