എന്റെ ലൈംഗികതയെക്കുറിച്ച് പ്രസംഗിച്ചു നടക്കേണ്ട; ഷാരൂഖുമായുള്ള ഗോസിപ്പുകള്‍ക്കു മറുപടിയുമായി കരണ്‍ ജോഹര്‍

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ജീവിതവും ലൈംഗികതയുമെല്ലാം ഗോസിപ്പ് കോളങ്ങളില്‍ പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. തന്നെക്കുറിച്ച് എന്ത് എഴുതിയാലും പ്രതികരിക്കാത്തയാളാണ് കരണ്‍. എന്നാല്‍ തന്റെ ലൈംഗിക താല്‍പര്യങ്ങളെക്കുറിച്ചും ഷാരൂഖ് ഖാനെയും തന്നെയും ചേര്‍ത്തുള്ള അപവാദങ്ങളെക്കുറിച്ചും ഒടുവില്‍ കരണ്‍ തുറന്ന് പറഞ്ഞിരിക്കുന്നു. കരണും ഷാരൂഖും ലൈംഗികപങ്കാളികളാണെന്ന വാര്‍ത്തകള്‍ ഒരു കാലത്ത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. പൂനം സക്‌സേനയുടെ സഹായത്തോടെ എഴുതിയ ‘അണ്‍സ്യൂട്ടബിള്‍ ബോയ്’ എന്ന ജീവചരിത്രത്തിലാണ് കരണിന്റെ തുറന്നുപറച്ചില്‍.

എന്റെ ലൈംഗികതയെക്കുറിച്ച് ഞാന്‍ പ്രസംഗിച്ചു നടക്കേണ്ട ആവശ്യമില്ല. എന്നെ സംബന്ധിച്ച് ലൈംഗികത ഏറ്റവും സ്വകാര്യമായ അനുഭവമാണ്. എനിക്ക് അതിനെക്കുറിച്ച് തുറന്നു പറയണമെങ്കില്‍ പോലും ഞാന്‍ ജീവിക്കുന്ന രാജ്യത്ത് അത് സാധ്യമല്ല. അതുമതി ജയിലിലാകാന്‍. ഞാന്‍ ചിലപ്പോള്‍, ലൈംഗിക ശേഷി ഇല്ലാത്തവനോ സ്വവര്‍ഗാനുരാഗിയോ ഭിന്നലൈംഗീകതയുളള വ്യക്തിയോ ആകാം. അതൊക്കെ എന്റെ മാത്രം കാര്യങ്ങളാണ്. ഒറ്റയ്ക്കു ജീവിയ്ക്കുന്നതിനാല്‍ ഞാന്‍ സ്വവര്‍ഗാനുരാഗിയാണെന്നാണ് പലരും പറയുന്നത്. അങ്ങനെ പറയുന്നതില്‍ എനിക്ക് വിഷമം ഇല്ല. നിങ്ങള്‍ രാജ്യത്തിന് അപമാനമാണെന്നു പറഞ്ഞ് നൂറു കണക്കിന് സന്ദേശങ്ങള്‍ ദിവസവും വരാറുണ്ട്. അതൊക്കെ ചിരിച്ചു തള്ളാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞു കരണ്‍ ജോഹര്‍ പറയുന്നു.

എന്നെയും ഷാരൂഖിനെയും ചേര്‍ത്ത് കുറച്ചു കാലങ്ങളായി ഗോസിപ്പുകളുണ്ട്. ഒരു ടെലിവിഷന്‍ ചാനലിലെ പരിപാടിയില്‍ എന്നോട് അവതാരകന്‍ അതെക്കുറിച്ച് ചോദിച്ചു. സത്യത്തില്‍ അത് കേട്ടപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നുപോയി. കടുത്ത ദേഷ്യമാണ് തോന്നിയത്. ‘സ്വന്തം സഹോദരനൊപ്പം ഉറങ്ങുമ്പോള്‍ നിങ്ങള്‍ക്കെന്താണ് തോന്നുക’ എന്ന മറുചോദ്യമാണ് ഞാന്‍ അയാളോട് ചോദിച്ചത്. ആളുകള്‍ക്ക് എങ്ങനെ ഇത്തരത്തില്‍ സംസാരിക്കാന്‍ സാധിക്കുന്നു. എനിക്ക് ഷാരൂഖ് ഒരു പിതാവിനെപ്പോലെയോ മുതിര്‍ന്ന സഹോദരനെപ്പോലെയോ ആണ്. എന്നെയും അദ്ദേഹത്തെയും കുറിച്ച് ഗോസിപ്പുകള്‍ ഉണ്ടാക്കുന്നവരോട് സഹതാപമേയുള്ളു കരണ്‍ ജോഹര്‍ കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യത്തെക്കുറിച്ച് ഷാരൂഖിനോട് ചര്‍ച്ച ചെയ്തപ്പോള്‍ അതെല്ലാം അവഗണിക്കാനും വിവാഹേതര ബന്ധമില്ലാത്തയാള്‍ സ്വവര്‍ഗാനുരാഗിയാണന്ന സങ്കല്‍പ്പമാണോ സമൂഹത്തിനുള്ളതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും കരണ്‍ പറയുന്നു.

SHARE