രാമമോഹന റാവുവിനെ പുറത്താക്കി; ഗിരിജ വൈദ്യനാഥന്‍ പുതിയ ചീഫ് സെക്രട്ടറി

ചെന്നൈ: തമിഴ്‌നാട് ചീഫ് സെക്രട്ടറി പി. രാമ മോഹന റാവുവിനെ സര്‍ക്കാര്‍ പുറത്താക്കി. രാമ മോഹന റാവുവിന്റെ വീട്ടിലും ഓഫിസിലുമായി ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കള്ളപ്പണവും സ്വര്‍ണ്ണവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കല്‍. അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഗിരിജ വൈദ്യനാഥനാണ് പുതിയ ചീഫ് സെക്രട്ടറി. 1981 ഐഎഎസ് ബാച്ചിലെ ഉദ്യോഗസ്ഥയായിരുന്ന ഇവര്‍ ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണറും കൂടിയായിരുന്നു. രാമ മോഹന റാവുവിന്റെ വസതിയും ഓഫീസും ഉള്‍പ്പെടെ 13 സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡ് ബുധനാഴ്ച പുലര്‍ച്ച ആരംഭിച്ച് ഇന്ന് പുലര്‍ച്ചയോടെയാണ് അവസാനിച്ചത്. റാവുവിന്റെ മകന്റെയും ബന്ധുക്കളുടെയും വീടുകളില്‍ നിന്നായി 30 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും അഞ്ചു കിലോ സ്വര്‍ണവുമാണ് പിടിച്ചെടുത്തത്. റെയ്ഡില്‍ അനധികൃത സ്വത്ത് പിടിച്ചെടുത്തതോടെ ചീഫ് സെക്രട്ടറിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

SHARE