അസംസ്‌കൃത എണ്ണ വില 2015ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിലയില്‍

ന്യൂഡല്‍ഹി: അസംസ്‌കൃത എണ്ണ വില 2015ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിലയില്‍. അസംസ്‌ക്യത എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുന്നതിന് ഒപെക്കും, ഒപെക്ക് ഇതര രാജ്യങ്ങളും ധാരണയില്‍ എത്തിയതാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്.
നീണ്ടനാളായി വിലയിടിവ് നേരിട്ടിരുന്ന അസംസ്‌കൃത എണ്ണ വില വീണ്ടും കുതിക്കുകയാണ്. ശനി, തിങ്കള്‍ ദിവസങ്ങളില്‍ വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ ബ്രൈന്‍ഡ് ക്രൂഡ് ബാരലിന് 57.89 ഡോളറിലേക്ക് എത്തിയിരുന്നു. ഇതോടെയാണ് എണ്ണ വില 2015 ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയത്. ഇന്ത്യ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ബ്രൈന്‍ഡ് ക്രൂഡിനെയാണ്. ഒരു വര്‍ഷം നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് ഒപെക്കും ഒപെക്ക് ഇതര രാജ്യങ്ങളും ധാരണയിലെത്തിയത്. റഷ്യ, പോലുളള ഒപെക്ക് ഇതര രാജ്യങ്ങള്‍ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുന്നതില്‍ അവിശ്വാസം പ്രകടിപ്പിച്ചതാണ് ചര്‍ച്ചകള്‍ നീണ്ടുപോകാന്‍ കാരണം. പ്രതിദിനം ഉത്പാദനത്തില്‍ 17.6 ലക്ഷം ബാരലിന്റെ കുറവ് വരുത്താനാണ് ധാരണയായിരിക്കുന്നത്. ഇത് പൂര്‍ണായി പാലിക്കാന്‍ എണ്ണ ഉത്പാദക രാജ്യങ്ങള്‍ തയ്യാറായാല്‍ എണ്ണ വില ഉയര്‍ന്ന നിലയില്‍ സ്ഥിരത പുലര്‍ത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നു.
ഒപെക്ക് മാത്രം എണ്ണ ഉത്പാദനത്തില്‍ പ്രതിദിനം 12 ലക്ഷം ബാരലിന്റെ കുറവ് വരുത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സൗദി അറേബ്യ 4,86,000 ബാരലിന്റെ കുറവ് വരുത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് ജനുവരി മുതല്‍ യൂറോപ്, അമേരിക്കന്‍ വിപണിയിലേക്കുളള എണ്ണ വിതരണത്തില്‍ കുറവ് വരുത്തുമെന്നും സൗദി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഈ വെട്ടിക്കുറയ്ക്കല്‍ പ്രാവര്‍ത്തികമായാല്‍ ജനുവരി മുതല്‍ എണ്ണലഭ്യതയില്‍ കുറവ് ഉണ്ടാകുമെന്ന വാദവും ഉയരുന്നുണ്ട്. ഇത് ഇന്ത്യ പോലെ ഇറക്കുമതിയെ മുഖ്യമായി ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ മുറിയിപ്പ് നല്‍കുന്നു.

SHARE

ഒരു അഭിപ്രായം