കൈയില്‍ പണമില്ല; കേസില്‍ ഹാജരാകാന്‍ ദുബായിയില്‍ ഇന്ത്യക്കാരന്‍ നടന്നത് 1000 കിലോമീറ്റര്‍

കേസില്‍ ഹാജരാകാനായി രണ്ടു വര്‍ഷത്തിനിടെ ഇന്ത്യക്കാരന്‍ ദുബായിയില്‍ നടന്നത് 1,000 കിലോമീറ്ററിലേറെ. ജഗന്നാഥന്‍ ശെല്‍വരാജ് എന്ന തമിഴ്‌നാട് സ്വദേശിയാണ് ബസിന് കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ ഇത്ര വലിയ ദൂരം താണ്ടിയത്. ഖലീജ് ടൈംസാണ് സംഭവം റിപ്പോര്‍ട്ടുചെയ്തത്. കടുത്ത ട്രാഫിക്കും ചൂടും പൊടിക്കാറ്റുമൊക്കെ അതിജീവിച്ച് താന്‍ നിരവധി തവണ കിലോമീറ്ററുകള്‍ താണ്ടി കോടതിയിലെത്തിയ അനുഭവം തിരുച്ചിറപ്പള്ളി സ്വദേശിയായ ശെല്‍വരാജ് ഖലീജ് ടൈംസിനോട് വിശദീകരിച്ചു.

താമസസ്ഥലമായ സോനാപ്പൂരില്‍ നിന്ന് ദുബായിലെ ഉപഭോക്തൃ കോടതി വരെ കേസുമായി ബന്ധപ്പെട്ട് പല തവണയായി ഇദ്ദേഹം നടന്നത് 1,000 കിലോമീറ്ററിലധികമാണ്. മാതാവിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ കേസുള്ളതിനാല്‍ ഇദ്ദേഹത്തിന് അനുമതി ലഭിച്ചില്ല. തുടര്‍ന്നാണ് കേസിന്റെ വിചാരണയ്ക്കായി ഇദ്ദേഹത്തിന് പലവട്ടം പ്രതിസന്ധികളെ നേരിട്ട് കിലോമീറ്ററുകള്‍ താണ്ടി കോടതിയിലെത്തേണ്ടി വന്നത്.

ഓരോ യാത്രയിലും ദുബൈയിലെ കടുത്ത ചൂടും മറ്റു പ്രശ്‌നങ്ങളും അതിജീവിച്ച് ഇദ്ദേഹം 50 കിലോമീറ്ററിലധികമാണ് സഞ്ചരിച്ചത്. താമസസ്ഥലം പോലും നഷ്ടമായ ഇദ്ദേഹം ഒരു പൊതുപാര്‍ക്കിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ശെല്‍വകുമാര്‍.

SHARE