നോട്ട് അസാധുവാക്കല്‍: പെട്ടു പോയവരുടെ കൂട്ടത്തില്‍ മന്ത്രിമാരും എംഎല്‍എ മാരും

തിരുവനന്തപുരം: അപ്രതീക്ഷിതമായി 500, 1000 കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതോടെ പെട്ടു പോയവരുടെ കൂട്ടത്തില്‍ മന്ത്രിമാരും എംഎല്‍എ മാരും വരെ. എംഎല്‍എ കാന്റീനില്‍ നിന്നും ലഘുഭക്ഷണം കഴിച്ച് ചില്ലറകൊടുക്കാന്‍ കഴിയാതെ മന്ത്രി എ കെ ബാലനും വലിയ നോട്ടുകള്‍ മാത്രം കൊയ്യില്‍ അവശേഷിച്ചതിനാല്‍ ഡല്‍ഹി യാത്ര മാറ്റി വെയ്‌ക്കേണ്ടിവന്ന പി കെ ബഷീറും പെട്ടു പോയവരില്‍ പെടുന്നു.

വലിയ നോട്ടുമായി കാന്റീനില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ മന്ത്രി എ കെ ബാലന് ബില്ല് കിട്ടിയത് 18 രൂപ. കയ്യിലുണ്ടായിരുന്നത് 10 രൂപാ നോട്ടും. ഉണ്ടായിരുന്ന ചില്ലറ മുഴുവന്‍ കൊടുത്തെന്ന് കാന്റീന്‍കാര്‍ പറയുക കൂടി ചെയ്തതോടെ ഒടുവില്‍ നൂറിന്റെ അഞ്ചു നോട്ടുകള്‍ നല്‍കി പി കെ ബഷീര്‍ എംഎല്‍എയാണ് പ്രശ്‌നം പരിഹരിച്ചത്. അതേസമയം കയ്യില്‍ വലിയ നോട്ടുകള്‍ അവശേഷിച്ചതിനെ തുടര്‍ന്ന കേന്ദ്ര ജല വിഭവ വകുപ്പില്‍ മണ്ഡല വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് പോകേണ്ടിയിരുന്ന ബഷീര്‍ പക്ഷേ ഇന്നത്തെ യാത്ര മാറ്റി.

ചില്ലറ തീര്‍ന്നു പോയതിനെ തുടര്‍ന്ന് സംസ്ഥാനത്തൂണ്ടായ പ്രതിസന്ധി വളരെ വലുതായിരുന്നു. യാത്രയ്ക്ക് ചെറിയ തുക കൈവശം ഇല്ലാതിരുന്നവരെല്ലാം വലഞ്ഞു. റെയില്‍വേയില്‍ അസാധുവാക്കിയ വന്‍ തുകയുടെ നോട്ടുകള്‍ സ്വീകരിച്ചെങ്കിലും ബാക്കി വാങ്ങാന്‍ പണമില്ലാതിരുന്നത് തിരിച്ചടിയായി. നോട്ട് സ്വീകരിക്കേണ്ടി വന്ന വിവിധ നഗരങ്ങളിലെ ചില കോഫി ഹൗസുകള്‍ ചില്ലറ തീര്‍ന്നതിനെ തുടര്‍ന്ന് ബാക്കി എഴുതി കുറിപ്പ് വിട്ടതും ചില്ലറയില്ലാത്തതിനാല്‍ ദീര്‍ഘദൂരം സഞ്ചരിച്ച ശേഷം വലിയ നോട്ട് നല്‍കിയ യാത്രക്കാരനെ ഓട്ടോക്കാരന്‍ യാത്രാക്കൂലി വാങ്ങാതെ വിട്ടതും ഇന്നലത്തെ ചര്‍ച്ചകളില്‍ പെടുന്നു.

500 ന്റെയും ആയിരത്തിന്റെയും നോട്ടിന് ചില്ലറയുമായി കരിഞ്ചന്തക്കാരും റെഡിയായിരുന്നു. 500 ന് 300 രൂപയും ആയിരത്തിന് 700 രൂപയുമാണ് ഇവര്‍ പറഞ്ഞിരുന്നത്. കോട്ടയം ചന്തയിലെ രസകരമായ ഒരു സംഭവം ഇങ്ങിനെയായിരുന്നു. 200 രൂപയുടെ പച്ചക്കറി വാങ്ങിയാല്‍ 500 രൂപ എടുക്കാമെന്നായിരുന്നു പച്ചക്കറി കച്ചവടക്കാരുടെ ഡിമാന്റ്. പെട്രോള്‍ പമ്പുകളും രണ്ടു നോട്ടുകളും എടുത്തെങ്കിലും 50 രൂപയ്ക്കും 100 രൂപയ്ക്കും എണ്ണയടിക്കാന്‍ വന്നവര്‍ക്ക് നിരാശയാകേണ്ടി വന്നു.

കൂലിപ്പണിക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി. 500 മുതല്‍ 1000 രൂപ വരെയുള്ള വിവിധ കൂലി നിരക്കുകളില്‍ ചില്ലറ നല്‍കേണ്ടി വന്ന സാഹചര്യം തൊഴിലുടമകള്‍ക്കും കരാര്‍ പണിക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി. നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ തുറക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനം എടുത്തിരുന്നു. വഞ്ചികകളിലെ 500,1000 രൂപ എണ്ണിത്തിട്ടപ്പെടുത്താന്‍ ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പ് തീരുമാനിച്ചതാണ് കാരണം. 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ പതിവായി വീഴുന്നത് ചെന്നൈയിലെ കുതിരപ്പന്തയ രംഗത്തും ശക്തമായ പ്രതിഫലനം സൃഷ്ടിച്ചു.

SHARE