ഓണ്‍ലൈന്‍ ബിന്‍ലാദന്റെ പ്രസംഗങ്ങളാണു ഐഎസ് ചേരാന്‍ പ്രചോദിപ്പിച്ചതെന്നു കണ്ണൂരില്‍നിന്ന് പിടിയിലായ യുവാക്കള്‍

കൊച്ചി: ഓണ്‍ലൈന്‍ ബിന്‍ലാദന്റെ പ്രസംഗങ്ങളാണു ഐഎസ് ചേരാന്‍ പ്രചോദിപ്പിച്ചതെന്നു കണ്ണൂരില്‍നിന്ന് പിടിയിലായ യുവാക്കളുടെ വെളിപ്പെടുത്തല്‍. ഓണ്‍ലൈന്‍ ബിന്‍ലാദന്‍ എന്നറിയപ്പെടുന്ന അന്‍വര്‍ അല്‍ ഔലാക്കിയുടെ പ്രസംഗങ്ങളാണു തീവ്രവാദ പ്രവര്‍ത്തനത്തിനു പ്രചോദിപ്പിച്ചത്. എന്‍ഐഎയുടെ ചോദ്യം ചെയ്യലിലാണ് അല്‍ ഖായിദ വക്താവായിരുന്ന അന്‍വറിന്റെ പ്രസംഗങ്ങളെക്കുറിച്ച് ഇവര്‍ വ്യക്തമാക്കിയത്. അതേസമയം, ഐഎസ് ബന്ധത്തിന്റെപേരില്‍ കണ്ണൂരില്‍ പിടിയിലായ റാഷിദലിയുടെ ഫോണില്‍നിന്നു ടെലഗ്രാം സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ എന്‍ ഐഎ കോടതിയുടെ അനുമതി തേടി.
അല്‍ ഖായിദയുടെ വക്താവായിരുന്ന അന്‍വര്‍ അല്‍ ഔലാക്കിയുടെ പ്രസംഗങ്ങളാണു സ്ഥിരമായി കേട്ടിരുന്നതെന്നും ഇതാണു സംഘടനാ പ്രവര്‍ത്തനത്തിനു പ്രചോദനമായതെന്നും എന്‍ഐഎ അറസ്റ്റ് ചെയ്ത ആറുപേര്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി.
ഓണ്‍ലൈന്‍ ബിന്‍ ലാദന്‍ എന്നറിയപ്പെടുന്ന അന്‍വര്‍ അല്‍ ഔലാക്കി 2011ല്‍ യുഎസ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഔലാക്കിയുടെ പ്രസംഗങ്ങളിലെ ഭാഗങ്ങള്‍ ഇവര്‍ സന്ദേശങ്ങളായി കൈമാറിയിരുന്നോ എന്നും എന്‍ഐഎയ്ക്കു സംശയമുണ്ട്. അതേസമയം, പ്രതി റാഷിദ് അലിയുടെ ഫോണില്‍ സിം കാര്‍ഡിട്ട് പ്രവര്‍ത്തിപ്പിക്കാന്‍ സിഡാക്കിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. ഇവര്‍ കൈമാറിയിരുന്ന ടെലഗ്രാം സന്ദേശങ്ങള്‍ വീണ്ടെടുക്കാനാണിത്.
സാധാരണ ഗതിയില്‍ ഫോണ്‍ പിടിച്ചെടുക്കുമ്‌ബോള്‍ ബാറ്ററിയും സിം കാര്‍ഡും ഊരി മാറ്റിയ ശേഷമാണു കണ്ടുകെട്ടുക. ഇതു പ്രവര്‍ത്തിപ്പിക്കാതെ തന്നെ പിന്നീടു ഡേറ്റ പരിശോധിക്കും. എന്നാല്‍ ഫോണ്‍ ഓണ്‍ ചെയ്ത് വണ്‍ ടൈം പാസ്വേര്‍ഡ് നല്‍കിയാല്‍ മാത്രമേ ടെലഗ്രാം എന്ന ചാറ്റ് ആപ്ലിക്കേഷന്‍ വീണ്ടും പ്രവര്‍ത്തിക്കുകയുള്ളൂ. ഇതിനാലാണു എന്‍ഐഎയുടെ പ്രത്യേക ഹര്‍ജി. ഐഎസിനു വേണ്ടി യുദ്ധം ചെയ്തതാണെന്നു കണ്ടെത്തി എന്‍ഐഎ അറസ്റ്റ് ചെയ്ത സുബ്ഹാനിയെ തിങ്കളാഴ്ച മുതല്‍ ആറുദിവസത്തേക്കു കസ്റ്റഡിയില്‍ വിട്ടു. മറ്റു പ്രതികളെ അടുത്തമാസം രണ്ടു വരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

SHARE