ഇനി ഫോണ്‍ നമ്പര്‍ നല്‍കേണ്ട, പ്രൈവറ്റ് റീച്ചാര്‍ജ് സൗകര്യവുമായി ഐഡിയ

കൊച്ചി : നൂതനവും തനതുമായ സേവനം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ ഐഡിയ സെല്ലുലര്‍, മൊബൈല്‍ രംഗത്ത് ഇതാദ്യമായി പ്രൈവറ്റ് റീച്ചാര്‍ജ് സംവിധാനം അവതരിപ്പിക്കുന്നു. ഫോണ്‍ നമ്പര്‍ ആരുമായും പങ്കുവയ്ക്കാതെ ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതാണ് ഈ സവിശേഷ സംവിധാനം.
ഐഡിയ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ വണ്‍ ടൈം പാസ്‌വേഡ് സ്വീകരിച്ച് തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ റീച്ചാര്‍ജ് ചെയ്യാന്‍ ഈ സംവിധാനത്തിലൂടെ കഴിയും. ഇത്തരത്തിലുള്ള റീച്ചാര്‍ജിനായി ഉപഭോക്താക്കള്‍ 55515 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് ‘code’ എന്ന് എസ്എംഎസ് അയച്ച് വണ്‍ ടൈം പാസ്‌വേഡ് അല്ലെങ്കില്‍ ഒ.ടി.പി കൈപ്പറ്റണം. ഫോണ്‍ നമ്പറിന് പകരം റീട്ടെയ്‌ലര്‍ക്ക് ഈ കോഡ് കൈമാറി ആവശ്യമുള്ള റീച്ചാര്‍ജ് സ്വീകരിക്കാം. ഈ നമ്പര്‍ അന്നേ ദിവസം രാത്രി 12 മണി വരെ ഉപയോഗിക്കാവുന്നതാണ്.
തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് റീച്ചാര്‍ജുകള്‍ സമ്മാനമായി നല്‍കാനുള്ള സംവിധാനവും ഇതോടൊപ്പം ഐഡിയ അവതരിപ്പിച്ചു. ഇതിനായി നിശ്ചിത മൂല്യത്തിലുള്ള റീച്ചാര്‍ജ് തങ്ങള്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് (ഐഡിയ ഉപഭോക്താക്കള്‍) നല്‍കാനായി റീട്ടെയ്‌ലറോട് അഭ്യര്‍ത്ഥിച്ചാല്‍ മതി. റീച്ചാര്‍ജ് സമ്മാനമായി നല്‍കിയാല്‍ രണ്ടു പേര്‍ക്കും റീച്ചാര്‍ജ് സംബന്ധിച്ച എസ്.എം.എസ് ലഭിക്കും. എളുപ്പത്തിലുള്ള ലഭ്യതയും സ്വകാര്യതയും ഐഡിയയുടെ ഉപഭോക്തൃസേവനത്തില്‍ സുപ്രധാനമാണെന്ന് ഐഡിയ സെല്ലുലര്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ (കേരളം) വിനു വര്‍ഗീസ് പറഞ്ഞു. ഞങ്ങള്‍ ഈ മേഖലയില്‍ ഇതാദ്യമായി അവതരിപ്പിച്ച പ്രൈവറ്റ് റീച്ചാര്‍ജ് സംവിധാനം കേരളത്തിലെ ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുമെന്നും അവര്‍ക്ക് സംതൃപ്തി പകരുമെന്നുമാണ് പ്രതീക്ഷ.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിപണി വിഹിതമുള്ള നമ്പര്‍ 1 ഓപ്പറേറ്ററാണ് ഐഡിയ. 2ജി, 3ജി, 4ജി സാങ്കേതികവിദ്യകളെ ആധാരമാക്കി ഒരു കോടിയിലേറെ വരിക്കാര്‍ക്ക് ഐഡിയ സേവനം നല്‍കിവരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആരംഭിച്ച 4ജി സംവിധാനം കേരളത്തിലുടനീളം ലഭ്യമായിക്കഴിഞ്ഞു.

SHARE