ന്യൂഡല്‍ഹി: രാജ്യത്ത പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി കാറുകളുടെ വില വര്‍ധിപ്പിച്ചു. എല്ലാ കാര്‍ മോഡലുകള്‍ക്കും അടിയന്തരമായി വിലവര്‍ധിപ്പിക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. വി വര്‍ധന ഇന്നലെ മുതല്‍ നടപ്പില്‍വന്നു. കമ്പനിയുടെ ഏറ്റവും നന്നായി വിറ്റുപോകുന്ന മോഡലുകള്‍ക്കാണ് ഏറ്റവും അധികം വിലവര്‍ധിപ്പിച്ചിരിക്കുന്നത്. മറ്റുള്ളവയ്ക്കെല്ലാം 1500 -5000 രൂപ നിരക്കിലാണ് വില വര്‍ധന.
മാരുതി സുസുക്കിയുടെ സബ്കോംപാക്റ്റ് എസ്യുവി വിറ്റാര ബ്രീസയ്ക്ക് 20,000 രൂപയാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ പുറത്തിറക്കിയ വിറ്റാര ബ്രീസയ്ക്ക് തുടക്കത്തിലെ വിലയാണ് ഇതുവരെ ഉണ്ടായിരുന്നതെന്നും ഉടന്‍ തന്നെ അതിന് മാറ്റമുണ്ടാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നതായും മാരുതി സുസുക്കി അറിയിച്ചു.
ബലേനോയുടെ വിലയില്‍ 10,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരേ വര്‍ഷം രണ്ടാം തവണയാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍നിര്‍മ്മാതാക്കള്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. ജനുവരിയിലാണ് ഇതിന് മുമ്പ് മാരുതി സുസുക്കി വില വര്‍ധിപ്പിച്ചത്. അന്ന് ബലേനോക്ക് 20,000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒരു വര്‍ഷത്തെ കണക്കെന്ന നിലയില്‍ കഴിഞ്ഞ 12 മാസത്തിനിടയില്‍ നാല് തവണ മാരുതി സുസുക്കി വില വര്‍ധിപ്പിച്ചു. ഇതിന്റെ പിന്നാലെ മറ്റു കമ്പനികളും വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്.