മഹാശ്വേതാ ദേവിക്ക് ആദരാഞ്ജലിയര്‍പ്പിച്ച സുഷമാ സ്വരാജ് പുലിവാല് പിടിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മഹാശ്വേതാദേവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള സുഷമ സ്വരാജിന്റെ ട്വീറ്റിലെ പിഴവ് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കി. തെറ്റായ ബുക്കുകള്‍ ചൂണ്ടികാണിച്ചാണ് മഹാശ്വേതാദേവിയുടെ മരണത്തില്‍ സുഷമ സ്വരാജ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. മഹാശ്വേതാദേവിയുടേതെന്ന് വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്ത പുസ്തകങ്ങള്‍ മറ്റൊരു ബംഗാളി എഴുത്തുകാരിയായ ആശാപൂര്‍ണ്ണ ദേവിയുടേതായിരുന്നു. മന്ത്രിയുടെ അജ്ഞതയെ പരിഹസിച്ചും വിമര്‍ശിച്ചു നിരവധി ട്രോളുകള്‍ ട്വിറ്ററില്‍ നിറഞ്ഞു.
മഹാശ്വേതാ ദേവിക്ക് ആദരാഞ്ജലികള്‍. അവരുടെ രണ്ട് മഹത്തായ കൃതികളായ ‘പ്രഥം പ്രതിശ്രുതിക്കും ബകുല്‍ കഥ’യ്ക്കും എന്റെ ജീവിതത്തില്‍ മറക്കാനാകാത്ത സ്ഥാനമാണ് ഉള്ളത്.
sushamaഈ രണ്ട് കൃതികളും ആശാപൂര്‍ണ്ണാദേവിയുടേതാണ്. രണ്ട് എഴുത്തുകാരുടെ കൃതികള്‍ തമ്മില്‍ മാറിപ്പോയ വിദേശകാര്യ മന്ത്രിക്കെതിരെ പരാഹസവും വിമര്‍ശനവുമായി ട്രോളുകള്‍ നിറഞ്ഞു.
ഒടുവില്‍ സുഷമ സ്വരാജ് ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും സ്‌കീന്‍ഷോട്ടുമായി ട്രോള്‍ തുടര്‍ന്നു.
എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവി ഇന്നലെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. തൊണ്ണൂറ് വയസ്സായിരുന്നു പ്രായം. ജ്ഞാനപീഠം, പത്മവിഭൂഷണ്‍, മഗ്‌സസെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള മഹാശ്വേതാ ദേവി ആദിവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും പൊതുകാര്യങ്ങളിലും സജീവമായി ഇടപെട്ടിരുന്നു.

SHARE