അതിരപ്പിള്ളി പദ്ധതിക്ക് ബദല്‍; തോമസ് ഐസക് നിര്‍ദേശം വൈറലാകുന്നു

ആലപ്പുഴ: അതിരപ്പിള്ളി പദ്ധതിക്ക് ബദലായി മന്ത്രി ഡോ. തോമസ് ഐസക് മുന്നോട്ടുവച്ച നിര്‍ദേശം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സംസ്ഥാനത്തെ സി.എഫ്.എല്‍.ബള്‍ബുകള്‍ മാറ്റി എല്‍.ഇ.ഡി.ബള്‍ബുകള്‍ ആക്കിയാല്‍ അതിരപ്പിള്ളി പദ്ധതിശേഷിയുടെ ഒന്നര ഇരട്ടി വൈദ്യുതി ലാഭിക്കാനാകുമെന്നാണ് തോമസ് ഐസക് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്. അതിരപ്പിള്ളി പദ്ധതിയുടെ ആറിലൊന്നു തുകയേ ഇതിന് വേണ്ടിവരൂവെന്നും വിദഗ്ധരെ ഉദ്ധരിച്ച് മന്ത്രി വാദിക്കുന്നു.
മൂന്നുദിവസംകൊണ്ട് നാല്പതിനായിരത്തോളം ലൈക്കുകളാണ് ഈ ഫെയ്‌സ്ബുക്ക് പോസ്റ്റിന് ലഭിച്ചത്. ആയിരത്തോളംപേര്‍ ഇത് ഷെയര്‍ ചെയ്തിട്ടുമുണ്ട്. അതിരപ്പിള്ളി പദ്ധതി വേണമെന്നു പറയുന്നവര്‍ പരിസ്ഥിതിവിരുദ്ധരെന്ന് ധരിക്കേണ്ട എന്നു സൂചിപ്പിച്ചുകൊണ്ടാണ് ഐസക് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.കേരളത്തില്‍ ആകെ നാലരക്കോടി സി.എഫ്.എല്‍.ബള്‍ബുകള്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ഈ സി.എഫ്.എല്‍.ബള്‍ബുകള്‍ക്ക് പകരം സര്‍ക്കാര്‍ എല്‍.ഇ.ഡി.ബള്‍ബുകള്‍ കൊടുത്താല്‍ 265 മെഗാവാട്ട് വൈദ്യുതി ലാഭിക്കാം. ഇതാണ് തോമസ് ഐസക് വിദഗ്ധരെ ഉദ്ധരിച്ച് പറയുന്നത്. ഇതിന് വേണ്ടിവരുന്ന ചെലവ് 250 കോടി രൂപ മാത്രവും.
അതിരപ്പിള്ളി പദ്ധതിയുടെ സ്ഥാപിതശേഷി 150170 മെഗാവാട്ട് ആണ്. ഇതിന് പ്രതീക്ഷിക്കുന്ന ചെലവ് 1500 കോടി രൂപയും. 2250 കോടി രൂപ മുടക്കി നിര്‍മിക്കുന്ന വൈദ്യുതപദ്ധതിയില്‍നിന്ന് കിട്ടുന്നത്ര വൈദ്യുതിയാണ് എല്ലാവര്‍ക്കും എല്‍.ഇ.ഡി. നല്‍കിയാല്‍ ലഭിക്കുക. പിന്നെന്തിന് സര്‍ക്കാര്‍ അമാന്തിക്കണമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.സൗരോര്‍ജസാധ്യത പരീക്ഷിക്കണമെന്ന നിര്‍ദേശവുമായി മറ്റൊരു പോസ്റ്റുമുണ്ട്. അഞ്ചുവര്‍ഷം സൗരോര്‍ജത്തിലൂടെ സംസ്ഥാനത്ത് ആയിരം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന കണക്കാണ് ഇതിലൂടെ നിരത്തുന്നത്.

SHARE