ജലന്ധര്‍ രൂപതയുടെ പ്രഥമ ബിഷപ് റവ. ഡോ. സിംഫോറിയന്‍ കീപ്രത്ത് കാലം ചെയ്തു

ജലന്ധര്‍: ജലന്ധര്‍ രൂപതയുടെ പ്രഥമ ബിഷപ് റവ. ഡോ. സിംഫോറിയന്‍ കീപ്രത്ത് (85 ) കാലം ചെയ്തു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നു ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം പിന്നീട്. മെത്രാന്‍ പദത്തിലെത്തുന്ന കേരളത്തിലെ ആദ്യ കപ്പൂച്ചിന്‍ വൈദികനാണു ബിഷപ് സിംഫോറിയന്‍. 1972 മുതല്‍ ജലന്ധര്‍ രൂപതയുടെ മെത്രാനായ അദ്ദേഹം പിന്നീടു വിരമിച്ചു.കൂടല്ലൂര്‍ ഇടവകയിലെ കീപ്രത്ത് ചെറിയാന്‍ മറിയം ദമ്പതികളുടെ അഞ്ചാമത്തെ മകനായി 1931 ലാണു ജനനം. മെട്രിക്കുലേഷനു ശേഷം കപ്പൂച്ചിന്‍ സഭയില്‍ വൈദിക വിദ്യാര്‍ഥിയായി ചേര്‍ന്നു. 1958ല്‍ മാര്‍ച്ച് 22നു കര്‍ദിനാള്‍ ആന്റണി പടിയറയിലില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചു. പിന്നീട് എട്ടു വര്‍ഷം ഭരണങ്ങാനം മൈനര്‍ സെമിനാരിയില്‍ റെക്ടര്‍ ആയിരുന്നു. മിഷനറിയായി പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ഥന അംഗീകരിക്കപ്പെട്ടതോടെയാണു കര്‍മരംഗം പഞ്ചാബിലേക്കു മാറിയത്.പഞ്ചാബി ഭാഷയില്‍ പുതിയനിയമം വിവര്‍ത്തനം ചെയ്ത് എല്ലാ കത്തോലിക്കാ ഭവനങ്ങളിലും എത്തിക്കാന്‍ ബിഷപ് കീപ്രത്തിനു കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്തു ശ്രദ്ധേയമായ മുന്നേറ്റം നടത്താന്‍ ഇക്കാലത്തു ജലന്ധര്‍ രൂപതയ്ക്കു സാധിച്ചിട്ടുണ്ട്. രൂപതയുടെ കീഴില്‍ അനവധി വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനങ്ങളും ആശുപത്രികളും അനാഥമന്ദിരങ്ങളും കന്യാമഠങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.കേരളത്തില്‍ കുറവിലങ്ങാട്, പരിയാരം, പറവൂര്‍ എന്നിവിടങ്ങളില്‍ രൂപതയ്ക്കു മഠങ്ങളുണ്ട്. കുറവിലങ്ങാട്ട് വൃദ്ധമന്ദിരവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മിഷനറീസ് ഓഫ് ജീസസ് എന്ന സന്യാസസഭയും രൂപീകരിച്ചു. സഹോദരങ്ങള്‍: സിസ്റ്റര്‍ ജീന്‍, ഗ്രേസി വാണിശേരി, അന്നക്കുട്ടി. പരേതരായ ഫാ.ലിയോ കപ്പൂച്ചിയന്‍, ഫാ. ഏബ്രഹാം കീപ്രത്ത്, കെ.സി.ജോസഫ്, കെ.സി.ചെറിയാന്‍, മറിയക്കുട്ടി.

SHARE