നേയ്പര്: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരെ യു.എ.ഇയ്ക്ക് 340 റണ്‍ വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന് 339 റണ്‍ നേടി. ഷെഹ്സാദ്, സൊഹൈല്‍, മിസ്ബാ എന്നിവര്‍ അര്‍ദ്ധസെഞ്ചുറി നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്താന് 10 റണ്ണില്‍ നില്‍ക്കെ നസീര്‍ ജംഷത് പുറത്തായി. തുടര്‍ന്ന് വണ്‍ഡൗണായി ക്രീസിലെത്തിയ ഹാരിസ് സൊഹൈലും അഹമ്മദ് ഷെഹ്സാദും പാകിസ്താന് ബാറ്റിംഗിന് വ്യക്തമായ അടിത്തറ നല്കി. ഇരുവരും ചേര്‍ന്ന് 160 റണ്‍സാണ് നേടിയത്. ഷെഹ്സാദ് സെഞ്ചുറിയ്ക്ക് ഏഴു റണ്‍ അകലെ പുറത്തായി. സൊഹൈല്‍ 70 റണ്‍സിനും പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ പാക് നായകന് മിസ്ബായും അര്‍ദ്ധസെഞ്ചുറി നേടി. 49 പന്തുകളില്‍ നിന്നും 69 റണ്‍സാണ് മിസ്ബാ നേടിയത്. പാകിസ്താനു വേണ്ടി മക്സൂദ് 45, ഉമ്മര്‍ അക്മല്‍ 19, അഫ്രീദി 21, വഹാബ് റിയാസ് ആറു റണ്‍ വീതം നേടി. യു.എ.ഇയ്ക്ക് വേണ്ടി ഗുരുഗെ നാലും, മുഹമ്മദ് നവീത് ഒരു വിക്കറ്റും നേടി.
ഇന്നത്തെ മത്സരത്തോടെ അഫ്രീദി ഏകദിന ക്രിക്കറ്റില്‍ 8000 റണ്‍ പൂര്‍ത്തിയാക്കി. മത്സരം ആരംഭിക്കുന്നതിനു മുമ്പ് എണ്ണായിരത്തിന് രണ്ടു റണ്‍ അകലെയായിരുന്നു അഫ്രീദി. 8,000 ക്ലബിലെത്തുന്ന നാലാമത്തെ പാകിസ്താന് ബാറ്റ്സ്മാനും 27മത് രാജ്യാന്തര താരവുമാണ് അഫ്രീദി. ഇന്‍സമാം ഉള് ഹഖ്, മുഹമ്മദ് യൂസഫ്, സയിദ് അന്‍വര്‍ എന്നിവരാണ് അഫ്രീദിക്ക് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള പാക് താരങ്ങള്‍.