സ്‌കോട്‌ലന്‍ഡിനെ മൂന്നു വിക്കറ്റിന് തോല്‍പ്പിച്ചു, ന്യൂസീലന്‍ഡിന് രണ്ടാം ജയം

ഡണെഡിന്‍: ലോകകപ്പ് ക്രിക്കറ്റ് പൂള്‍ എയിലെ മത്സരത്തില്‍ ആതിഥേയരായ ന്യൂസീലന്‍ഡിന് രണ്ടാം ജയം. ദുര്‍ബലരായ സ്‌കോട്‌ലന്‍ഡിനെ മൂന്നു വിക്കറ്റിന് തോല്‍പ്പിച്ചാണ് ന്യൂസീലന്‍ഡ് തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയത്. സ്‌കോട്‌ലന്‍ഡ് ഉയര്‍ത്തിയ 143 റണ്‍സ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന് വിജയത്തിലേക്ക് വേണ്ടിവന്നത് 24.5 ഓവര്‍ മാത്രം. എന്നാല്‍, അതിലേക്കെത്താന്‍ അവര്‍ നഷ്ടപ്പെടുത്തിയത് ഏഴു വിക്കറ്റുകള്‍. ലോകകപ്പില്‍ ന്യൂസീലന്‍ഡിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകളുമായി സ്‌കോട്‌ലന്‍ഡിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ട ട്രെന്റ് ബൗള്‍ട്ട് ആണ് കളിയിലെ കേമന്‍. സ്‌കോര്‍: സ്‌കോട്‌ലന്‍ഡ് 36.2 ഓവറില്‍ 142 റണ്‍സിന് എല്ലാവരും പുറത്ത്. ന്യൂസിലാന്‍ഡ് 24.5 ഓവറില്‍ ഏഴു വിക്കറ്റിന് 146. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡ് ശ്രീലങ്കയെ 98 റണ്‍സിന് തകര്‍ത്തിരുന്നു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ന്യൂസീലന്‍ഡ് ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി.

സ്‌കോട്‌ലന്‍ഡ് ആകട്ടെ, രണ്ടോ അതിലധികമോ ലോകകപ്പില്‍ പങ്കെടുത്തിട്ടും ഒരു കളി പോലും ജയിക്കാനാകാത്ത ഏക ടീമെന്ന ‘ഖ്യാതി ഈ കളിയിലും നിലനിര്‍ത്തി. ചെറിയ സ്‌കോറായിരുന്നെങ്കിലും പൊരുതിയാണ് കീഴടങ്ങിയതെന്ന് ഇത്തവണ ആശ്വസിക്കാമെന്ന് മാത്രം. സ്‌കോട്‌ലന്‍ഡിന്റെ മൂന്നാം ഏകദിന ലോകകപ്പാണിത്. 1999, 2007 ലോകകപ്പുകളില്‍ സ്‌കോട്‌ലന്‍ഡ് ടീം കളത്തിലിറങ്ങിയിരുന്നു. ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും സംയുക്തമായി ആതിഥേയത്വം വഹിച്ച 2011 ലോകകപ്പിന് യോഗ്യത നേടിയിരുന്നില്ല. ഈ ലോകകപ്പില്‍ ആദ്യം ബാറ്റുചെയ്ത ടീം 300 കടക്കാത്ത ആദ്യ മത്സരമാണിത്. സ്‌കോട്ടിഷ് ഇന്നിങ്‌സില്‍ നാലു പേര്‍ ഗോള്‍ഡന്‍ ഡക്കായി. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ നാലോ അതിലധികമോ പേര്‍ ആദ്യ പന്തില്‍തന്നെ പുറത്താകുന്നത് ഇത് മൂന്നാം തവണയാണ്.

സ്‌കോട്‌ലന്‍ഡ് ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസീലന്‍ഡിന് മൂന്നാമത്തെ ഓവറില്‍തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. 14 പന്തില്‍ 18 റണ്‍സെടുത്ത ഓപ്പണര്‍ ഗുപ്ടിലിനെ വാര്‍ഡ്‌ലോവാണ് പുറത്താക്കിയത്. ക്രോസിനായിരുന്നു ക്യാച്ച്. തൊട്ടുപിന്നാലെ മറ്റൊരു ഓപ്പണറായ ബ്രണ്ടന്‍ മക്കല്ലം ടെയ്‌ലറിന്റെ പന്തില്‍ നല്‍കിയ അവസരം ബൗണ്ടറിക്കരികില്‍ ഗാര്‍ഡിനര്‍ കൈവിട്ടു. എന്നാല്‍, തനിക്കു ലഭിച്ച ‘ജീവന്‍ മുതലാക്കാന്‍ മക്കല്ലത്തിനായില്ല. ഏഴാം ഓവറില്‍ ആദ്യ വിക്കറ്റിന്റെ ആവര്‍ത്തനം പോലെ വാര്‍ഡ്‌ലോവിന്റെ പന്തില്‍ ക്രോസിന് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോള്‍ 12 പന്തില്‍ 15 റണ്‍സായിരുന്നു അദേഹത്തിന്റെ സമ്പാദ്യം.
ഉച്ചഭക്ഷണത്തിന് ശേഷം തിരിച്ചെത്തിയതിന് പിന്നാലെ ന്യൂസീലന്‍ഡിന് മൂന്നാം വിക്കറ്റും നഷ്ടമായി. മജീദ് ഹഖിനെ അതിര്‍ത്തി കടത്താനുള്ള റോസ് ടെയ്‌ലറിന്റെ ശ്രമം ബൗണ്ടറിക്കരികില്‍ റോബ് ടെയ്‌ലറിന്റെ കൈകളിലൊതുങ്ങി. 14 പന്തില്‍ ഒന്‍പത് റണ്‍സെടുത്ത് ടെയ്‌ലര്‍ മടങ്ങി. സ്‌കോര്‍ 106ല്‍ നില്‍ക്കെ, നന്നായി കളിച്ചുവന്ന വില്യംസണും മടങ്ങി. ഡേവിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്രോസിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ 45 പന്തില്‍ 38 റണ്‍സായിരുന്നു അദേഹത്തിന്റെ സമ്പാദ്യം. പിന്നാലെ എലിയട്ടും(29), ആന്‍ഡേഴ്‌സനും(11), ലൂക്ക് റോഞ്ചിയും(12) മടങ്ങി. പിന്നീട് വിജയത്തിലേക്ക് വേണ്ടിയിരുന്നത് ഏഴു റണ്‍സ്. പരിചയസമ്പന്നനായ വെട്ടോറിയും മിലനെയും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടം കൂടാതെ കിവീസിനെ വിജയത്തിലെത്തിച്ചു. സ്‌കോട്‌ലന്‍ഡിനായി വാര്‍ഡ്‌ലോയും ഡേവിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. മജീദ് ഹഖിനാണ് ശേഷിച്ച വിക്കറ്റ്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്‌ലന്‍ഡ് മുന്‍നിരയും വാലറ്റവും ഒരുപോലെ തകര്‍ന്നതോടെയാണ് ഈ ലോകകപ്പില്‍ ഇതുവരെയുള്ള ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്‌കോറില്‍ പുറത്തായത്. തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയ്ക്കുശേഷം അര്‍ധസെഞ്ചുറി നേടിയ മാറ്റ് മച്ചന്‍(56), റിച്ചി ബെറിങ്ടണ്‍(50) എന്നിവര്‍ ചേര്‍ന്നാണ് സ്‌കോട്ടിഷ് സ്‌കോര്‍ 100 കടത്തിയത്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 97 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലോകകപ്പില്‍ ഒരു സ്‌കോട്ടിഷ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണ് മച്ചന്റെ 56. ഇവര്‍ക്കു പുറമെ ക്രോസ്(14), ഡേവി(പുറത്താകാതെ 11) എന്നിവര്‍ മാത്രമാണ് സ്‌കോട്‌ലന്‍ഡ് നിരയില്‍ രണ്ടക്കം കടന്നത്. ന്യൂസിലാന്‍ഡിനായി ഡാനിയല്‍ വെട്ടോറി, കോറി ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ മൂന്നും ടിം സൗത്തി, ട്രെന്റ് ബൗള്‍ട്ട് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

SHARE