തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പിപി ദിവ്യയോടൊപ്പം ഉൾപ്പെട്ടിരുന്ന കണ്ണൂർ കലക്ടർ അരുൺ കെ. വിജയനു കേന്ദ്രപരിശീലനത്തിനു പോകാൻ സർക്കാർ അനുമതി. ഡിസംബർ 2 മുതൽ 27 വരെ നടക്കുന്ന കേന്ദ്രസർക്കാരിന്റെ പരിശീലനത്തിൽ പങ്കെടുക്കാനാണ് സർക്കാർ അനുമതി നൽകിയത്. പരിശീലനത്തിനു ശേഷം വീണ്ടും അദ്ദേഹം കലക്ടറായി ചുമതലയേൽക്കും.
സെക്രട്ടറി തലത്തിലേക്കു പ്രൊമോഷൻ ലഭിക്കാൻ വേണ്ടുന്ന മൂന്നാംഘട്ട പരിശീലന പരിപാടിയാണിത്. ഐഎഎസ് ഉദ്യോഗസ്ഥർക്കായി കേന്ദ്ര പഴ്‌സനൽ മന്ത്രാലയം നടത്തുന്ന പരിശീലന പരിപാടിയാണിത്. സംസ്ഥാനത്തുനിന്ന് ആറ് ഐഎഎസ് ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്.
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് കണ്ണൂർ കലക്ടർ പരിശീലനത്തിനു പോകുന്നത്. അദ്ദേഹം തിരിച്ചെത്തി ചുമതല ഏൽക്കുന്നതു വരെ എഡിഎമ്മിന് താൽക്കാലിക ചുമതല നൽകും. ഇതിനിടെ ഇന്നലെ അന്വേഷണ സംഘം നവീൻബാബു വിഷയത്തിൽ വീണ്ടും മൊഴിയെടുത്തിരുന്നു.