അടൂർ: മരണത്തിലേക്ക് നടന്നടുത്ത സ്വകാര്യ ബസ് ഡ്രൈവർ കറ്റാനം സ്വദേശി ബിനുവിന്റെ ജീവൻ തിരിച്ചുപിടിച്ചിരിക്കുകയാണ് അടൂർ ജനറൽ ആശുപത്രിയിലെ നഴ്സിങ് ഓഫീസർ അടൂർ പഴകുളം പുലരിയിൽ സൈന ബദറുദ്ദീൻ. ഓടുന്ന ബസിൽവച്ച് ഡ്രൈവർ ബിനുവിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. എന്നാൽ അതു ഗൗനിക്കാതെ വണ്ടിയെടുത്ത ബിനുവിനെ യാത്രക്കാരിയായ സൈന ഇടപെട്ട് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.
ഹൃദയസ്തംഭനത്തെ തുടർന്നാണ് സ്വകാര്യ ബസ് ഡ്രൈവർ കറ്റാനം സ്വദേശി ബിനു(48)-വിന് ശാരീരിക അസ്വസ്ഥതയുണ്ടായത്.
വെള്ളിയാഴ്ച രാവിലെ 8.15നായിരുന്നു സംഭവം. അടൂർ ജനറൽ ആശുപത്രിയിലെ രാത്രി ജോലി കഴിഞ്ഞ് പഴകുളത്തുള്ള വീട്ടിലേക്ക് പോകാൻ ആശുപത്രിക്കു സമീപത്തുനിന്ന് സൈന സ്വകാര്യബസിൽ കയറി. ബസിൽ അത്യാവശ്യം യാത്രക്കാരുണ്ട്. ഡ്രൈവർ സീറ്റിന് തൊട്ടുപിന്നിലാണ് സൈന ഇരുന്നത്. ആ സമയം തന്നെ ബസ് ഡ്രൈവർ ബിനുവിന് എന്തോ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നതായി തോന്നി. ബസിന്റെ വശത്തെ കണ്ണാടിയിൽകൂടിയാണ് അതുകണ്ടത്. ബിനു എന്നിട്ടും ബസ് ഓടിച്ചു. ഇതിനിടെ ബിനു കണ്ടക്ടറോട് പ്രശ്നം അറിയിച്ചെങ്കിലും ബസ് നിർത്തിയിരുന്നില്ല.
ബസ് അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ മുൻപിൽ എത്തിയപ്പോഴേക്കും അസ്വസ്ഥത കൂടി. ഇതോടെ സൈന ഇടപെടുകായിരുന്നു. ചേട്ടാ, നിങ്ങൾ വളരെ ക്ഷീണിതനാണ്. നമുക്ക് ആശുപത്രിയിലേക്ക് പോകാം.”-എന്നു പറയുകയായിരുന്നു. വണ്ടി നിർത്തിയയുടനെ സൈനയും കണ്ടക്ടറും കൂടി ബിനുവിനെ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാൽ ബന്ധുക്കൾ അനുമതിപത്രത്തിൽ ഒപ്പിടണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ബന്ധുക്കളെ ഫോണിൽ ലഭിക്കാഞ്ഞതിനാൽ സൈന തന്നെ ബന്ധുക്കൾ ഒപ്പിടേണ്ട രേഖകളിൽ ഒപ്പുവച്ചു. ഇതോടെ മറ്റൊന്നും ചിന്തിക്കാതെ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി ഹൃദയത്തിലെ ബ്ലോക്ക് നീക്കി. സൈനയുടെ ഇടപെടലോടെ ഡ്രൈവർ മാത്രമല്ല ബസിലുണ്ടായിരുന്ന മുഴുവൻ ജീവനും രക്ഷപെടുത്താനായി.