കൊച്ചി: ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാനെതിരെ തുടരന്വേഷണം വേണമെന്ന് ഹൈക്കോടതി. പോലീസ് നൽകിയ റിപ്പോർട്ട് തള്ളിയ കോടതി, കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടു. അതോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ അന്തിമ റിപ്പാർട്ടും അത് സ്വീകരിച്ച മജിസ്ട്രേറ്റ് ഉത്തരവും കോടതി റദ്ദാക്കി.
കേസിൽ കാലതാമസമില്ലാതെ അന്വേഷണം പൂർത്തിയാക്കണം. സത്യസന്ധനായ ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മാത്രമല്ല പോലീസ് അന്വേഷണത്തിൽ പാളിച്ചയുണ്ടായെന്നും കോടതി നിരീക്ഷിച്ചു. 2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.
സാക്ഷികളായ മാധ്യമപ്രവർത്തകരുടെ മൊഴി എടുക്കാത്തത് തെറ്റാണ്. ഇക്കാര്യത്തിൽ പോലീസിന് വീഴ്ച വന്നിട്ടുണ്ട്.ദൃതി പിടിച്ചാണ് പോലീസ് അന്വേഷണം പൂർത്തീകരിച്ചതെന്നും കോടതി വിമർശിച്ചു. മാത്രല്ല “കുന്തം കുടചക്രം’ എന്നീ വാക്കുകൾ ഉപയോഗിച്ചത് ഏത് സാഹചര്യത്തിലെന്ന് പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസിൽ വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും കോടതി കണ്ടെത്തി.
ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ തുടരന്വേഷണം വേണമെന്ന അഭിഭാഷകനായ ബൈജു എം. നോയല്‍ നല്കിയ ഹർജി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കേസ് ഡയറിയും പ്രസംഗത്തിന്റെ വിശദമായ രൂപവും പരിശോധിച്ച ശേഷമാണ് സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്.
ഭരണസ്വാധീനം ഉപയോഗിച്ച് സജി ചെറിയാന് കേസ് അട്ടിമറിച്ചുവെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. ഈ സാഹചര്യത്തിലാണ് ഹര്ജിക്കാരന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാൽ നിരവധി സാക്ഷികളെ വിസ്തരിച്ചതില്‍ നിന്ന് ഭരണഘടനയെ അവഹേളിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പക്ഷേ സജി ചെറിയാന്റെ പരാമര്‍ശത്തില്‍ പ്രഥമദൃഷ്ട്യാ അവഹേളനമുണ്ടെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. ശബ്ദ സാമ്പിള്‍ ഉള്‍പ്പടെയുള്ള വിശദമായ പരിശോധനയില്ലാതെ അന്വേഷണ ഉദ്യോഗസ്ഥന് എങ്ങനെ തീര്‍പ്പിലെത്താന്‍ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.