ബ്രഹ്‌മപുരത്ത് ചികിത്സതേടിയത് 1249 പേര്‍, 11 ശ്വാസ് ക്ലിനിക്കുകള്‍ തുറന്നു, ആരോഗ്യ സര്‍വേ തുടങ്ങി

തിരുവനന്തപുരം: മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ബ്രഹ്‌മപുരത്ത് ആരോഗ്യ സര്‍വേ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 1576 ആളുകളുടെ ഡേറ്റ ശേഖരിച്ചു. കണ്ണുപുകച്ചില്‍, ശ്വാസംമുട്ടല്‍, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതെന്ന് മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണി വരെയുള്ള കണക്കാണിതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം വരെ 1,249 പേരാണ് വിവിധ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും മൊബൈല്‍ ക്ലിനിക്കുകളിലുമായി സേവനം തേടിയെത്തിയത്. 11 ശ്വാസ് ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. 11 പേര്‍ ഇന്ന് ശ്വാസ് ക്ലിനിക്കുകളിലെത്തി പരിശോധന നടത്തി. വിവിധ സ്ഥലങ്ങളിലായി ആറ് മൊബൈല്‍ യൂണിറ്റുകളും സ്ഥാപിച്ചു.

അതേസമയം ഡയോക്‌സിന്‍ കലര്‍ന്ന വായു ശ്വസിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ചു. ബ്രഹ്‌മപുരവുമായി ബന്ധപ്പെട്ട് എറണാകുളത്തുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.എം.ഇ.യിലെയും ഡി.എച്ച്.എസിലെയും ഉള്‍പ്പെടെയുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സമിതിയെ നിയോഗിച്ചതായും വീണാ ജോര്‍ജ് പറഞ്ഞു.

അതേസമയം മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം തദ്ദേശ സെക്രട്ടറിമാര്‍ക്ക് പരിശീലനം നല്‍കണമെന്ന് ഹൈക്കോടതി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മാലിന്യസംസ്‌കരണ നിയമം നടപ്പിലാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി. മൂന്ന് അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയമിക്കുമെന്നും കോടതി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular