സണ്ണി ലിയോണിനെതിരായ വഞ്ചനാക്കേസിന് സ്റ്റേ; ചമച്ചിരിക്കുന്നത് വ്യാജ പരാതിയെന്ന് താരം

കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോൺ സ്റ്റേജ് ഷോയിൽ പങ്കെടുക്കാതെ പണം തട്ടിയെന്ന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. തനിക്കെതിരെ തയ്യാറാക്കിയ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർനടപടികൾ തടഞ്ഞ ഹൈക്കോടതി സർക്കാരിനോടും ക്രൈംബ്രാഞ്ചിനോടും വിശദീകരണം തേടി.

രണ്ടാഴ്ചയ്ക്കുശേഷമാണ് ഹൈക്കോടതി ഈ കേസ് ഇനി പരി​ഗണിക്കുക. 2018 മേയ് മാസത്തിൽ കോഴിക്കോട് വെച്ച് സ്റ്റേജ് ഷോ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പ്രളയം ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ പലതവണ ഷോ മാറ്റിവെയ്ക്കേണ്ടിവന്നു. തുടർന്ന് സ്റ്റേജ് ഷോയിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്നാരോപിച്ച് പെരുമ്പാവൂർ സ്വദേശി ഷിയാസ് ക്രൈം ബ്രാഞ്ചിന് പരാതി നൽകുകയായിരുന്നു.

2018 മേയ് 11-ന് കോഴിക്കോട്ട് ഷോ നടത്താനായിരുന്നു തീരുമാനിച്ചതെന്നും സംഘാടകർ ഇതിന് 30 ലക്ഷം രൂപ നൽകാമെന്ന് സമ്മതിച്ചെന്നും സണ്ണിയുടെ ഹർജിയിൽ പറയുന്നു. 15 ലക്ഷം രൂപ മുൻകൂറായി നൽകി. പിന്നീട് ഷോ 2018 ഏപ്രിൽ 27-ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്ന് ഷോ മേയ് 26-ലേക്ക് മാറ്റാൻ വീണ്ടും ആവശ്യപ്പെട്ടു.

ഈ സമയത്താണ് ഷോയുടെ ബഹ്റൈനിലെയും തിരുവനന്തപുരത്തേയും കോ-ഓർഡിനേറ്ററാണെന്ന് പരിചയപ്പെടുത്തി ഷിയാസ് രംഗത്തുവരുന്നത്. പ്രളയവും കാലാവസ്ഥാ പ്രശ്നങ്ങളും നിമിത്തം പിന്നീട് പലതവണ ഡേറ്റ് മാറ്റി. ഒടുവിൽ കൊച്ചിയിൽ 2019 ഫെബ്രുവരി 14-ന് വാലന്റൈൻസ് ഡേ ദിനത്തിൽ ഷോ നടത്താൻ സംഘാടകർ തയ്യാറായി. ഷോയുടെ വിവരങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രസിദ്ധപ്പെടുത്തി. ജനുവരി അവസാനത്തിനു മുമ്പ് പണം മുഴുവൻ നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് പണം നൽകാത്തതിനാൽ ഷോ നടത്തിയില്ലെന്നും ഹർജിക്കാരി പറയുന്നു.

നേരത്തേ നൽകിയ 15 ലക്ഷം മാത്രമേ സംഘാടകരിൽ നിന്ന് കൈപ്പറ്റിയിട്ടുള്ളൂ. കൂടുതൽ തുക നൽകാത്തതിനാൽ പരിപാടിയിൽ പങ്കെടുക്കാനായില്ലെന്നും നടി പറഞ്ഞു. പറഞ്ഞുറപ്പിച്ച തുക നൽകാതെ സംഘാടകരാണ് തന്നെ വഞ്ചിച്ചതെന്നാണ് സണ്ണി ലിയോണിന്റെ ഹർജിയിൽ പറയുന്നത്. ഇക്കാര്യങ്ങൾ പരി​ഗണിച്ചാണ് തുടർനടപടികൾ ഏതാനും നാളുകളിലേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular