ഡി.വൈ.എഫ്.ഐ നേതാവായ യുവതിയെ കഴുത്തു ഞെരിച്ചുകൊന്നു

ആലത്തൂര്‍: പ്രണയബന്ധം തകര്‍ന്നതിനെത്തുടര്‍ന്ന് ഡി.വൈ.എഫ്.ഐ നേതാവായിരുന്ന യുവതിയെ കഴുത്തു ഞെരിച്ചുകൊന്നു. സംഭവശേഷം യുവാവ് പോലീസില്‍ കീഴടങ്ങി. ചിറ്റിലഞ്ചേരി കോന്നല്ലൂര്‍ ശിവദാസന്റെയും ഗീതയുടെയും മകള്‍ സൂര്യ പ്രിയയാണ്(24) മരിച്ചത്.
സംഭവത്തില്‍ അഞ്ചുമൂര്‍ത്തി മംഗലം അണക്കപ്പാറ പയ്യക്കുണ്ട് വീട്ടീല്‍ സുജീഷ് (24) ആലത്തൂര്‍ പോലീസില്‍ കീഴടങ്ങി. ബുധനാഴ്ച കാലത്ത് 10 മണിയോടെയാണ് സംഭവം.

മരിച്ച സൂര്യപ്രിയ ഡി.വൈ.എഫ്.ഐ. ആലത്തൂര്‍ ബ്ലോക്ക് കമ്മിറ്റിയംഗം, ചിറ്റിലഞ്ചേരി മേഖല കമ്മിറ്റി വൈസ് പ്രസിഡന്റ്, കോന്നല്ലൂര്‍ യൂണിറ്റ് സെക്രട്ടറി, മേലാര്‍കോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. അംഗം എന്നീ ചുമതല വഹിച്ചിരുന്നു. സൂര്യപ്രിയയും സുജീഷും തമ്മില്‍ ആറുവര്‍ഷമായി തുടരുന്ന പ്രണയത്തില്‍ വിള്ളല്‍ വന്നതാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്.കോളജ് പഠന കാലത്ത് തുടങ്ങിയതാണ് ഇവരുടെ പ്രണയം. ഇതിനിടയില്‍ മറ്റൊരാളുമായുള്ള പ്രണയത്തെച്ചൊല്ലി കഴിഞ്ഞ ദിവസം രാത്രി ഫോണിലൂടെ തര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്നാണ് രാവിലെ സുജീഷ് സൂര്യപ്രിയയുടെ വീട്ടിലെത്തിയത്. മൊബൈലില്‍ ചാറ്റ് ചെയ്തതുള്‍പ്പെടെ കണ്ടതിനെത്തുടര്‍ന്ന് വീണ്ടും തര്‍ക്കമുണ്ടാവുകയും സൂര്യപ്രിയ കൈയിലുണ്ടായിരുന്ന വളകള്‍ പൊട്ടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും സുജീഷ് പോലീസിനോട് പറഞ്ഞു. ഇതിനിടെയാണ് സുജീഷ് വീട്ടിലുണ്ടായിരുന്ന തോര്‍ത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ചു സൂര്യപ്രിയയെ കൊലപ്പെടുത്തിയത്.

മുത്തച്ഛന്‍ മണി, അമ്മ ഗീത, ഗീതയുടെ സഹോദരന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു സൂര്യപ്രിയ താമസിച്ചിരുന്നത്. സഹകരണബാങ്കില്‍ ജീവനക്കാരാനായ രാധാകൃഷ്ണന്‍ ജോലിയ്ക്കു പോവുകയും അമ്മ ഗീത തൊഴിലുറപ്പ് പണിയ്ക്കും മുത്തച്ഛന്‍ മണി പുറത്ത് ചായ കുടിക്കാനുമായി പോയ സമയത്താണ് കൊലപാതകം നടന്നത്. മരിച്ചെന്ന് ഉറപ്പാക്കിയശേഷം സൂര്യയുടെ മൊബൈല്‍ ഫോണുമായി സുജീഷ് ബൈക്കില്‍ ആലത്തൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയപ്പോഴാണ് പ്രദേശവാസികള്‍ പോലും കൊലപാതക വിവരം അറിയുന്നത്.

സേലം കരൂരില്‍ ഈന്തപ്പഴ കമ്പനിയില്‍ സെയില്‍സ്മാനാണ് സുജീഷ്. സംഭവസ്ഥലം എസ്.പി. ആര്‍. വിശ്വനാഥ്, ആലത്തൂര്‍ ഡിവൈ.എസ്.പി: എ. അശോകന്‍, സി.ഐ: ടി.എന്‍. ഉണ്ണിക്കൃഷ്ണന്‍, എസ്.ഐ: എം.ആര്‍. അരുണ്‍കുമാര്‍, ഫോറന്‍സിക്, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Similar Articles

Comments

Advertismentspot_img

Most Popular